കല്ലേലി ഭാഗത്ത് ഭൂഗര്‍ഭപാത നിര്‍മിക്കണം: കെ.സി. വേണുഗോപാല്‍ എംപി
1509271
Wednesday, January 29, 2025 6:31 AM IST
കൊല്ലം : തൊടിയൂര്‍ പഞ്ചായത്തിലെ കല്ലേലി ഭാഗം ലെവല്‍ ക്രോസ് നമ്പര്‍ 57ന് പകരം ലെവല്‍ ക്രോസ് 58ല്‍ ഭൂഗര്‍ഭ പാത നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് കെ.സി. വേണുഗോപാല്‍ എംപി റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തു നല്കി.
ലെവല്‍ ക്രോസിംഗിന് ബദലായി ഭൂഗര്‍ഭ പാത അടിയന്തരമായി നിര്‍മിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിച്ചാണ് ഇടപെടല്‍ നടത്തിയത്. ഭൂഗര്‍ഭപാത വളരെ പ്രായോഗികവും ചെലവ് കുറഞ്ഞതുമായ മാര്‍ഗമാണ്. മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് എല്‍സി നമ്പര്‍ 58 ലെ റെയില്‍വേ ലൈന്‍ ഭൂനിരപ്പിൽ നിന്ന് 15 അടി ഉയരത്തിലാണ്.
2006ല്‍ എല്‍സി നമ്പര്‍ 58 അടച്ചത് കല്ലുകടവ്, കാരൂര്‍ക്കടവ്, മുഴങ്ങോടി, തുപ്പായി വളപ്പുറം എന്നിവയുള്‍പ്പെടെയുള്ള പരിസര പ്രദേശങ്ങളിലെ വിദ്യാര്‍ഥികളുടെ യാത്രയെ ബാധിച്ചിരുന്നു. രക്ഷിതാക്കള്‍ കുട്ടികളെ അകലെയുള്ള മറ്റ് സ്കൂളുകളിലേക്ക് മാറ്റിയത് ഈ പ്രദേശത്തെ സ്കൂളുകളുടെ നിലനില്‍പ്പിനും ഭീഷണിയായി.
എല്‍സി നമ്പര്‍ 57നെ അപേക്ഷിച്ച് എല്‍സി നമ്പര്‍ 58 വീതികൂടുതലാണ്. എല്‍സി നമ്പര്‍ 57 ലെ ഇടുങ്ങിയ പാത ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും സ്ഥിരമായി കാരണമാകുന്നുണ്ട്. ആശുപത്രി, കച്ചവട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേക്ക് ഇതുവഴിയുള്ള പ്രവേശനവും ബുദ്ധിമുട്ടുണ്ടാക്കും.