ഗാന്ധിഭവനില്‍ സന്മാര്ഗ പരിശീലന കേന്ദ്രം തുടങ്ങി : ശിക്ഷാ നടപടി മാതൃകാപരമായിരിക്കണം: മന്ത്രി കെ.ബി. ഗണേഷ്കുമാര്
1509570
Thursday, January 30, 2025 6:04 AM IST
പത്തനാപുരം: ഉള്ളില്‍ കിടക്കുന്ന ഞാന്‍ എന്ന ഭാവം മാറിയാല്‍ത്തന്നെ 50 ശതമാനം റോഡപകടങ്ങളും കുറയുമെന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാര്.ഗതാഗതവകുപ്പ് പത്തനാപുരം ഗാന്ധിഭവനില്‍ ആരംഭിച്ച സന്മാര്ഗ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അശ്രദ്ധയും അഹംഭാവവുമാണ് റോഡില്‍ അപകടകരമായി വാഹനമോടിക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നത്.
അവര്‍ക്ക് മാതൃകാപരമായ ശിക്ഷയാണ് നല്‍കേണ്ടത്. അതിനാലാണ് അശരണരും ആലംബഹീനരുമായവരെ പരിരക്ഷിക്കുന്ന ഗാന്ധിഭവനെത്തന്നെ ഈ പദ്ധതിക്കായി തെരഞ്ഞെടുത്തത്. വാഹനം ഓടിക്കുന്നത് മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ വേണ്ടിയല്ലെന്ന് അദ്ദേഹം പറഞ്ഞു.
മോട്ടോര്‍ വാഹന നിയമങ്ങള്‍ പരസ്യമായി ലംഘിച്ച് പൊതുനിരത്തുകളില്‍ വാഹനമോടിക്കുന്നവര്‍ക്ക് മാതൃകാപരമായ ശിക്ഷയും ബോധവത്കരണവും നൽകി കുറ്റകൃത്യങ്ങളില്‍ നിന്ന് പിന്മാറ്റുന്നതിന്റെ ഭാഗമായി നിയമ ലംഘനങ്ങളിലേര്‍പ്പെടുന്ന പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍, ചെറുപ്പക്കാര്‍ എന്നിവർ പത്തനാപുരം ഗാന്ധിഭവനില്‍ നിശ്ചിതകാലം താമസിച്ച് സന്മാര്ഗ പരിശീലനം നേടാനും സേവന ജോലിക്ക് നിയോഗിക്കാനും സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.
ഇതിന്റെ ഭാഗമായി ഗതാഗത വകുപ്പ് രൂപം നല്കിയ ഗാന്ധിഭവന് റോഡ് സേഫ്റ്റി അക്കാഡമി ആന്‍ഡ് ഓര്ഗനൈസേഷന് ഫോര്‍ സോഷ്യല്‍ സര്‍വീസ് പദ്ധതിയുടെ പ്രവര്‍ത്തനോദ്ഘാടനം പത്തനാപുരം ഗാന്ധിഭവനില്‍ നടന്നു.
ഗാന്ധിഭവന് ചെയര്‍പേഴ്സണ്‍ ഷാഹിദാ കമാല്‍ അധ്യക്ഷത വഹിച്ചു. ഗാന്ധിഭവന് സെക്രട്ടറി പുനലൂര്‍ സോമരാജന്, ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ നാഗരാജു ചക്കിലം, അഡീഷണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറും കെഎസ്ആര്‍ടിസി എംഡിയുമായ പി.എസ്. പ്രമോജ് ശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.
പത്തനാപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി, പഞ്ചായത്ത് അംഗം സി. വിജയ, കൊല്ലം ആര്‍ടിഒ അജിത് കുമാര്‍, എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ എസ്. ബിജു, ഗാന്ധിഭവന് മാനേജിംഗ് ഡയറക്ടര്‍ ബി. ശശികുമാര്‍,
ജനറല്‍ ഡയറക്ടര്‍ സന്തോഷ് ജി. നാഥ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബി. മോഹനന്, സിഇഒ വിന്‍സന്റ് ഡാനിയല്‍, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ മോട്ടോര്‍ വെഹിക്കിള്‍ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.