വൈൽഡ് ലൈഫ് വാർഡനെ ഒന്നാംപ്രതിയാക്കി കേസെടുക്കണം
1508531
Sunday, January 26, 2025 6:03 AM IST
പുനലൂർ: വന്യമൃഗ ആക്രമണത്തിൽ മനുഷ്യജീവന് നഷ്ടം സംഭവിച്ചാൽ ചീഫ് വൈൽഡ് ലൈഫ് വാർഡനെ ഒന്നാം പ്രതിയാക്കണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
നാട്ടിലിറങ്ങി മനുഷ്യനെയും വളർത്തുമൃഗങ്ങളേയും കൃഷിയേയും നശിപ്പിക്കുന്ന ഏത് വന്യമൃഗത്തേയും വെടിവച്ച് കൊല്ലാൻ ഉത്തരവ് നൽകാൻ കേന്ദ്ര വന മന്ത്രാലയം അധികാരപ്പെടുത്തിയ കേരള ചീഫ് ഫോറസ്റ്റ് വൈൽഡ് ലൈഫ് വാർഡൻ മലയോര ജനതയെ മരണത്തിലേക്ക്തള്ളിവിടുന്നതായി കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിളക്കുപാറ ദാനിയേൽ ആരോപിച്ചു.
നിരവധി പ്രക്ഷോഭങ്ങൾ നടത്തിയിട്ടും നിവേദനങ്ങൾ നൽകിയിട്ടും നടപടി സ്വീകരിക്കാത്ത വാർഡൻ കടുവ മനുഷ്യനെ കൊന്നു തിന്നതിനുശേഷം വെടിവച്ച് കൊല്ലാൻ ഉത്തരവിറക്കിയത് എന്തിനാണന്ന് വ്യക്തമാക്കണം. സർക്കാർ നഷ്ടപരിഹാരം നൽകിയാൽ, പകരം അശ്രിതർക്ക് ജോലി നൽകിയാൽ തീരുന്ന വിഷയമേയുള്ളൂവെന്ന ധാരണ ജനങ്ങൾക്ക് നീതി നിഷേധിക്കുന്നതിന് തുല്യമാണ്.
കടുവ കൊന്നു തിന്ന വയനാട്ടിലെ രാധയുടെ കേസിൽ ആദ്യപടിയായി ചീഫ് വൈൽഡ് ലൈഫ് വാർഡനെ ഒന്നാം പ്രതിയാക്കി കേസെടുക്കാനുള്ള സാധ്യത നിയമ വിദഗ്ധരുമായി അലോചിക്കുമെന്നും വിളക്കുപാറ ദാനിയേൽ പറഞ്ഞു.