എയ്ഡഡ് സ്കൂളുകളോട് വിവേചനമില്ല: മന്ത്രി കെ.എൻ. ബാലഗോപാൽ
1508526
Sunday, January 26, 2025 6:03 AM IST
കൊല്ലം: കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയ്ക്ക് സമഗ്ര സംഭാവനകൾ നൽകിയ എയ്ഡഡ് സ്കൂളുകളോട് സർക്കാരിന് വിവേചനം ഇല്ലെന്നും സർക്കാർ സ്കൂളുകൾക്ക് ലഭിക്കുന്ന സഹായങ്ങൾ എയ്ഡഡ് സ്കൂളുകൾക്ക് കൂടി ലഭിക്കുന്ന തരത്തിൽ ആവശ്യമായ നിയമ നിർമാണം നടത്തുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ.
എയ്ഡഡ് സ്കൂൾ മാനേജേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.എംപിമാരുടെ ഫണ്ട് എയ്ഡഡ് സ്കൂളുകളിൽ പല പദ്ധതികൾക്കും ഉപയോഗിക്കാമെങ്കിലും എംഎൽഎമാരുടെ ഫണ്ട് എയ്ഡഡ് സ്കൂളുകളിൽ ഉപയോഗിക്കാൻ നിയന്ത്രണങ്ങൾ ഉണ്ട്. ആവശ്യമായ മാറ്റങ്ങൾ വരുത്തും.
സ്കൂളുകളിലെ കുട്ടികൾക്കുള്ള യൂണിഫോം അലവൻസ്, ഉച്ചഭക്ഷണ പദ്ധതിക്കുള്ള തുകയും മുടക്കം കൂടാതെ ലഭിക്കാൻ നടപടികൾ സ്വീകരിക്കും. സർക്കാരിന് പള്ളിക്കൂടങ്ങൾ തുടങ്ങാൻ ബുദ്ധിമുട്ടുണ്ടായിരുന്ന കാലഘട്ടത്തിൽ സ്കൂളുകൾ തുടങ്ങിയ എയ്ഡഡ് മാനേജ്മെന്റുകൾ കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയിൽ സമഗ്ര സംഭാവനകൾ നൽകിയവരാണെന്നും അവരെ അവഗണിച്ച് മുന്നോട്ടുപോകാൻ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
എയ്ഡഡ് സ്കൂൾ മാനേജ്മെന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കല്ലട ഗിരീഷ് അധ്യക്ഷത വഹിച്ചു. എംഎൽഎമാരായ പി.എസ്. സുപാൽ, പി.സി.വിഷ്ണുനാഥ്, എം. നൗഷാദ് എന്നിവർ സന്നിഹിതരായിരുന്നു. സംഘടനയുടെ സംസ്ഥാന ജനറൽ സെക്രട്ടറി കൊല്ലം മണിക്ക് ഡോക്ടറേറ്റ് ലഭിച്ചതിനുള്ള സംഘടനയുടെ ആദരവ് മന്ത്രി നൽകി. മുതിർന്ന മാനേജർമാരെ ആദരിക്കുന്ന ചടങ്ങ് പി.സി. വിഷ്ണുനാഥ് എംഎൽഎ നിർവഹിച്ചു.
ജില്ലാ സെക്രട്ടറി വി.വി. ഉല്ലാസ് രാജ്, മുരളീകൃഷ്ണൻ, സംസ്ഥാന ഭാരവാഹികളായ ഗുലാബ് ഖാൻ, ടി.ഒ. ഭാസ്കർ, ഉണ്ണി ചേലാമ്പ്ര, ഉണ്ണികൃഷ്ണപിള്ള എന്നിവർ പ്രസംഗിച്ചു.