കുട്ടിയെ തട്ടിക്കൊണ്ടുപോയ 12 ന് പരിഗണിക്കും
1508522
Sunday, January 26, 2025 5:54 AM IST
കൊല്ലം: ഓയൂര്‍ ഓട്ടുമലയില്‍ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസ് ഫെബ്രുവരി 12 ലേക്ക് മാറ്റി. കേസിലെ രണ്ടാം പ്രതി അനിതാകുമാരി ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് കേസ് വീണ്ടും മാറ്റിയത്.
പണം ആവശ്യപ്പെട്ട് ചാത്തന്നൂര്‍ മാമ്പള്ളിക്കുന്നം കവിതാരാജില്‍ കെ.ആര്. പത്മകുമാര്‍ (51), ഭാര്യ എം.ആര്. അനിതാകുമാരി (39), മകള്‍ പി. അനുപമ (21) എന്നിവര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. പ്രതികള്‍ കോടതിയില്‍ ഹാജരാകുന്നതിനല്ലാതെ ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യത്തില്‍ കഴിയുന്നത്.
ജില്ലയില്‍ പ്രവേശിക്കുന്നതിന് ഇളവ് അനുവദിക്കണമെന്ന് കാണിച്ചാണ് അനിതാകുമാരി ഹര്‍ജി നല്‍കിയത്.
ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പി.എന്‍. വിനോദ് മുന്‍പാകെ കുറ്റപത്രം സംബന്ധിച്ച് പ്രോസിക്യൂഷന് വാദം പൂര്‍ത്തിയായിരുന്നു. പ്രതിഭാഗം വാദം ഡിസംബറില്‍ തുടങ്ങാനിരുന്നതാണ്. എന്നാല്‍ കൂടുതല്‍ സാവകാശം തേടിയിരുന്നു. തുടര്‍ന്നാണ് ഇളവ് തേടി ഹര്‍ജി നല്‍കിയത്.