ആർച്ച് ബിഷപ് അലോഷ്യസ് മരിയ ബൻസിഗറിന്റെ ജന്മവാർഷികാചരണത്തിനു തുടക്കമായി
1508516
Sunday, January 26, 2025 5:54 AM IST
കൊല്ലം: ദൈവദാസൻ ആർച്ച് ബിഷപ് അലോഷ്യസ് മരിയ ബൻസിഗറിന്റെ 161ാം ജന്മവാർഷികാചരണം കൊല്ലം ബിഷപ്സ് ഹൗസിലെ എപ്പിസ്കോപ്പൽ ചാപ്പലിൽ കൃതജ്ഞതാ ദിവ്യബലിയോടെ തുടക്കമായി.
കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി മുഖ്യകാർമികത്വം വഹിച്ചു. വികാരി ജനറാൾ മോൺ. ബൈജു ജൂലിയാൻ, രൂപത ചാൻസലർ റവ.ഡോ. ജെറി ഐസക്ക്, ഫാ. യോഹന്നാൻ ജോർജ്, കർമലീത്ത സന്യാസ സമൂഹത്തെ പ്രതിനിധാനം ചെയ്ത് ഫാ. പോൾ ഒസിഡി, ഫാ. ആന്റണി ഒസിഡി എന്നിവർ സഹകാർമികരായി.
ബിസിനസ് സാമ്രാജ്യം വളർത്താനായി പിതാവ് നിയോഗിച്ച മകൻ വിശ്വാസത്തിന്റെയും പ്രാർഥനയുടെയും ഉന്നതമായ ബിസിനസ് തന്റെ കർമഭൂമിയായ ഭാരതത്തിൽ നടത്തിയതായി ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു.
സ്വിറ്റ്സർലന്റിലെ സമ്പന്ന കുടുംബമായ ബെൻസിഗർ കുടുംബാംഗമാണ് ബൻസിഗർ. അദ്ദേഹം ഉന്നത വിദ്യാഭ്യാസം പൂർത്തിയാക്കിയപ്പോളാണ് ജർമനിയിലെ ഫ്രാങ്ക്ഫുർട്ടിലേക്ക് അയച്ചത്.
ദൈവദാസൻ മാർ ഈവാനിയോസും സഹ വൈദികരും കത്തോലിക്കാ സഭയുടെ ഭാഗമാകാൻ കാരണം ദൈവദാസൻ ആർച്ച് ബിഷപ് മരിയ ബെൻസിഗറിന്റെ ജീവിത വിജയത്തിന്റെ ഭാഗമാണ്. കൊല്ലം രൂപതയുടെ എപ്പിസ്കോപ്പൽ ചാപ്പൽ ക്രൈസ്തവ ചരിത്രത്തിൽ വളരെ പ്രാധാന്യമർഹിക്കുന്നു.
പ്രസ്തുത ആൾത്താരയിലാണ് ദൈവദാസൻ മാർ ഈവാനിയോസും ഇതര വൈദികരും, അൽമായരും കത്തോലിക്ക സഭയുടെ ഭാഗമായി സത്യപ്രതിജ്ഞ ചെയ്ത്, പ്രഥമ ബലിയർപ്പണം നടത്തിയത്. അതിനാലാണ് ദൈവദാസൻ മരിയ ബൻസിഗറിന്റെ 161 ാ മത് ജന്മദിനാചാരണത്തിന് തുടക്കം കുറിക്കാൻ പ്രസ്തുത ആൾത്താര കൃതജ്ഞതാബലിയുടെ ഭാഗമായി മാറിയെന്ന് ബിഷപ് പറഞ്ഞു.
എപ്പിസ്ക്കോപ്പൽ ചാപ്പലിലെ ബിഷപ് ബെൻസിഗറിന്റെ ഛായാചിത്രത്തിന് മുന്നിലെ നിലവിളക്കിലെ അഞ്ച് തിരികൾ ബിഷപ് പോൾ ആന്റണി മുല്ലശേരിയും, രൂപത വൈദീകരെ പ്രതിനിധീകരിച്ച് ഫാ. യോഹന്നാൻ ജോർജും, കർമലീത്ത സന്യാസ സമൂഹത്തിന്റെ പ്രതിനിധിയായി ഫാ. പോൾ ഒസിഡിയും കെആർഎൽസിസി പ്രതിനിധിയായി ജയിൻ ആൻസിൽ ഫ്രാൻസിസും, രൂപതയിലെ അൽമായരുടെ പ്രതിനിധിയായി ലെസ്റ്റർ കാർഡോസും ചേർന്ന് തെളിയിച്ചു.
തുടർന്ന് ഛായാചിത്രത്തിൽ പുഷ്പാർച്ചനയും തുടർന്ന് 12 മണിക്കൂർ ദിവ്യകാരുണ്യ ആരാധനയ്ക്ക് മരിയൻ റോസറി കൂട്ടായ്മ, ഡിവൈൻ വോയ്സ് കൂട്ടായ്മകൾ നേതൃത്വം നൽകി. അൽമായ നേതാക്കളായ അഡ്വ. ഇ. എമേഴ്സൺ, എ.ജെ. ഡിക്രൂസ്, റോണാ റിബേറോ, ആന്റണി ജെ. മുണ്ടക്കൽ, പ്രഫ. ജെ. ജേക്കബ്, എ.പി. ജോയി എന്നിവർ പ്രസംഗിച്ചു.