കരമണ്ണ്കടത്ത്; ഗ്രാമീണ റോഡും കലുങ്കും തകർന്നു
1508334
Saturday, January 25, 2025 6:13 AM IST
ചാത്തന്നൂർ: ദേശീയപാത നിർമാണത്തിനായി കരമണ്ണുമായി ലോറികൾ നിരന്തരം ഓടി കലുങ്കിന്റെ പാർശ്വഭിത്തിയും ഗ്രാമീണ റോഡും തകർന്നു. കല്ലുവാതുക്കൽ പഞ്ചായത്തിൽ വിലവൂർകോണം ജംഗ്ഷനിലെ കലുങ്കിന്റെ ഭാഗവും ഇളംകുളം റോഡുമാണ് തകർന്നത്.
വിലവൂർകോണം ഇളംകുളം ഭാഗത്തെ കുന്നുകൾ ഇടിച്ചാണ് മണ്ണ് എടുക്കുന്നത്. രാത്രിയിൽ മണ്ണ് ഖനനം ചെയ്ത് വലിയ ടിപ്പർ ലോറികളിൽ കടത്തുകയാണ്. ഭാരം കയറ്റിയ ലോറികൾ നിരന്തരം ഓടി പഞ്ചായത്ത് റോഡ് തകർന്നു.
കോൺക്രീറ്റ് ചെയ്ത ഭാഗങ്ങൾ പൊട്ടി. വിലവൂർക്കോണം ജംഗ്ഷനിൽ ഇളംകുളം റോഡ് ആരംഭിക്കുന്ന ഭാഗത്തെ കലുങ്കിന്റെ ഭാഗമാണ് തകർന്നത്.
കലുങ്കിനു സമീപം കുഴികൾ നികത്തിയത് മഴക്കാലത്ത് വെള്ളം ഒഴുകുന്നതിനു തടസമാകുമെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. നിരന്തരം ലോറികൾ ഓടുന്നത് പൊടിശല്യത്തിനു കാരണമാകുന്നുണ്ട്. ഏക്കർ കണക്കിനു സ്ഥലത്തു നിന്ന് മണ്ണ് എടുക്കുകയാണ്. അധികൃതരുടെ ശ്രദ്ധ ഉണ്ടാകണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.