വയോജന പരിപാലനവുമായി നസ്രത്ത് ഡേ കെയർ സെന്റർ
1508331
Saturday, January 25, 2025 6:13 AM IST
കൊല്ലം: കാവനാട്, മുക്കാട് വിമലഹൃദയ സന്യാസിനി സമൂഹത്തിന്റെ ആഭിമുഖ്യത്തിൽ നസ്രത്ത് ഡേ കെയർ സെന്റർ ഫോർ ദി എൽഡർലി എന്ന പേരിൽ വയോജന പരിപാലന കേന്ദ്രം ആരംഭിക്കുന്നു. വയോജനങ്ങൾക്കായി പകൽ വീടും നിർധനരായ കിടപ്പു രോഗികൾക്ക് സൗജന്യ ഭക്ഷണവും ഒരുക്കുന്ന ഈ ജീവകാരുണ്യ സംരംഭം ഫെബ്രുവരി മൂന്നിന് കൊല്ലം ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി ആശീർവദിക്കും.
കേന്ദ്രത്തിൽ എത്തുന്ന വയോജനങ്ങൾക്ക് ഭക്ഷണം, ചികിത്സ, ഫിസിയോ തെറാപ്പി, നഴ്സിംഗ്, വൈദ്യ പരിശോധന, കെയർ ഗിവറുടെ സേവനം, കൗൺസിലിംഗ് എന്നിവ നൽകും. വിശ്രമത്തിനായി കിടക്കകളും സൗകര്യപ്പെടുത്തിയിട്ടുണ്ട്. നിരവധി വയോജന ക്ഷേമ പ്രവർത്തനങ്ങൾ സംഘടിപ്പിക്കും.
യാത്ര ചെയ്യാൻ കഴിയാത്ത നിർധനരായ രോഗികൾക്ക് സാന്ത്വനമായി വീടുകളിൽ ഭക്ഷണം എത്തിച്ച് നൽകാനും ഡേ കെയർ അവസരമൊരുക്കും.