പോലീസ് പട്രോളിംഗ് ഡിജിറ്റലൈസിന് ജിയോ ടാഗിംഗ് പൂർത്തിയാക്കി
1493484
Wednesday, January 8, 2025 6:21 AM IST
കൊല്ലം: സിറ്റി പോലീസിന്റെ പട്രോളിംഗ് സംവിധാനം ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ആദ്യ ഘട്ടമായി ജിയോ ടാഗിംഗ് പൂർത്തീകരിച്ചു. സിറ്റി പോലീസ് പരിധിയിൽ മൂന്നു സബ് ഡിവിഷനുകളിലേയും ഗുണ്ടകളെ ഉൾപ്പടെ ഫലപ്രദമായി നിരീക്ഷിക്കാനുള്ള ജിയോ ടാഗിംഗ് സംവിധാനമാണ് നിലവിൽ വന്നത്.
കൊല്ലം പോലീസ് ക്ലബിൽ നടന്ന ചടങ്ങിൽ സിറ്റി പോലീസ് കമ്മീഷണർ ചൈത്ര തെരേസ ജോൺ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം റേഞ്ച് ഡിഐജി അജിതാ ബീഗം ജിയോ മാപ്പിംഗിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു.
ജില്ലാ സ്പെഷൽ ബ്രാഞ്ച് എസിപി പ്രതീപ് കുമാർ, കൊല്ലം എസിപി ഷെരീഫ്, കെപിഒഎ ജില്ലാ സെക്രട്ടറി ജിജു സി. നായർ, കെപിഎ ജില്ലാ സെക്രട്ടറി വിമൽ കുമാർ എന്നിവർ സന്നിഹിതരായിരുന്നു. ചടങ്ങിൽ ജിയോ ടാഗിംഗ് സമയ ബന്ധിതമായി പൂർത്തിയാക്കിയ പോലീസ് ഉദ്യോഗസ്ഥരായ ഷഹീർ, ജ്യോതിഷ്കുമാർ എന്നിവരെ അനുമോദിച്ചു.
ഈ സംവിധാനത്തിൽ ഓരോ സ്റ്റേഷൻ പരിധിയിലെ പ്രധാനപ്പെട്ട സ്ഥലങ്ങളെ മാപ്പിൽ ടാഗ് ചെയ്തിരിക്കുന്നതിനാൽ ഒറ്റ ക്ലിക്കിൽ നിർദിഷ്ട സ്ഥലത്ത് എളുപ്പത്തിൽ എത്തിചേരാൻ സാധിക്കും. കൂടാതെ സ്റ്റേഷൻ പരിധിയിലെ സാമൂഹ്യ വിരുദ്ധരെ നിരീക്ഷിക്കാനുള്ള സംവിധാനവും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത് പോലീസിന്റെ പട്രോളിംഗിന് വളരെ സഹായകരമാണ്.
ഇതിൽ ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലുമുള്ള പ്രധാനപ്പെട്ട ജംഗ്ഷനുകൾ, ബാങ്കുകൾ, എടിഎമ്മുകൾ, ആരാധനാലയങ്ങൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, ബീച്ച്, പാർക്ക്, തിയേറ്റർ, പ്രധാന സ്ഥാപനങ്ങൾ, ബ്ലാക്ക് സ്പോട്ടുകൾ, കോളനികൾ, പ്രധാന ഗവണ്മെന്റ് ഓഫീസുകൾ തുടങ്ങി പ്രധാനപ്പെട്ട സ്ഥലങ്ങളിലെല്ലാം ഏറ്റവും വേഗത്തിൽ പോലീസിന്റെ സേവനം ലഭ്യമാക്കുന്ന രീതിയിലാണ് ടാഗിംഗ് സംവിധാനം തയാറാക്കിയത്.
നഗരത്തിന്റെ ഏതു മേഖലയിൽ പ്രശ്നങ്ങളുണ്ടായാലും സംശയ മുനയിലുള്ള സ്ഥിരം കുറ്റവാളികളുടെ അടുത്തേക്ക് നിമിഷങ്ങൾക്കുള്ളിൽ എത്തിച്ചേരുന്നതിന് പോലീസിന് സാധിക്കുമെന്നതാണ് പ്രധാന സവിശേഷത.
നഗരത്തിലെ 1240 ലൊക്കേഷനുകളും 603 സാമൂഹ്യ വിരുദ്ധരായ സ്ഥിരം കുറ്റവാളികളേയുമാണ് ഇത്തരത്തിൽ അടയാളപ്പെടുത്തിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കും കണ്ട്രോൾ റൂമിനും പട്രോളിംഗ് സംഘങ്ങൾക്ക് ഉൾപ്പെടെ ഈ സംവിധാനം ലഭ്യമാക്കിയിട്ടുണ്ട്.
ഇതിലൂടെ കൃത്യമായ ഇടവേളകളിൽ ഗുണ്ടകളെ ലൊക്കേഷനുകളിലെത്തി പരിശോധിക്കുന്നതിനും ഇവർ ഗുണ്ടാ പ്രവർത്തനങ്ങളിൽ സജീവമാകുന്നുണ്ടോ എന്നത് ഉൾപ്പടെ വിലയിരുത്താൻ കഴിയും. നിരന്തരമായി ഇവരെ നിരീക്ഷിക്കുന്നതിലൂടെ കുറ്റകൃത്യങ്ങളിൽ നിന്നു വിട്ടു നിൽക്കാൻ ഇത്തരക്കാർക്ക് സഹായകമാകുമെന്ന് കരുതുന്നു.
പരിശോധനയ്ക്കെത്തുന്പോൾ ഏതെങ്കിലും ഗുണ്ട സ്ഥലത്ത് ഇല്ലായെന്ന് പട്രോളിംഗ് സംഘങ്ങൾക്കു ബോധ്യപ്പെട്ടാൽ മൊബൈൽ ലൊക്കേഷൻ ഉൾപ്പെടെ പിന്തുടർന്ന് ഇവരെ കണ്ടെത്താനും സ്ഥലം മാറിയെത്തുന്ന സ്ഥല പരിചയമില്ലാത്ത ഉദ്യോഗസ്ഥർക്കു പോലും കുറ്റവാളികളുടെ പ്രവർത്തനമേഖലകൾ എളുപ്പം കണ്ടെത്താനും ഈ സംവിധാനം സഹായകമാകും.