‘കുട്ടികളെ വഴിതെറ്റിക്കുന്നതിൽ രക്ഷിതാക്കൾക്കും പങ്ക്’
1483317
Saturday, November 30, 2024 6:10 AM IST
കൊട്ടിയം: കുട്ടികളെ വഴി തെറ്റിക്കുന്നതിലുള്ള പങ്കിൽ നിന്ന് ഒരു വിഭാഗം രക്ഷിതാക്കൾക്ക് ഒഴിഞ്ഞു മാറാൻ കഴിയില്ലെന്ന് കൊല്ലം സ്പെഷൽ ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മിഷണർ എ. പ്രദീപ്കുമാർ.
കൊട്ടിയം നിത്യസഹായ മാതാ ഗേൾസ് ഹൈസ്കൂളിൽ കൊല്ലം ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയും കൊട്ടിയം പൗരവേദിയും സംയുക്തമായി സംഘടിപ്പിച്ച ‘റീ കണക്ടിംഗ് യൂത്ത്' കാമ്പയിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പിഞ്ചു കുഞ്ഞിന്റെ കരച്ചിൽ അടക്കുവാൻ മൊബൈൽ ഫോൺ കൈയിലേക്ക് നൽകുന്ന രക്ഷിതാവിന്റെ പ്രവർത്തിയിലൂടെ അവൻ കാലാന്തരത്തിൽ മൊബൈലിനും സോഷ്യൽ മീഡിയയ്ക്കും അടിമയാകുന്നതിന് വഴിയൊരുക്കുന്ന സത്യം രക്ഷിതാക്കൾ തിരിച്ചറിയണമെന്ന് അദ്ദേഹം പറഞ്ഞു.
സ്കൂൾ പ്രിൻസിപ്പൽ വൈ. ജൂഡിത്ത് ലത അധ്യക്ഷത വഹിച്ചു. കൊട്ടിയംപൗരവേദി പ്രസിഡന്റ് അഡ്വ. കൊട്ടിയം എൻ. അജിത്കുമാർ, സെക്രട്ടറി സാജൻ കവറാട്ടിൽ, ജോസഫ് സ്റ്റാൻസിലാവോസ്, സി.പി. സുരേഷ്കുമാർ, ക്ലമന്റ് ലോറൻസ്, ജയകുമാരി, സിനി ആനന്ദ് എന്നിവർ പ്രസംഗിച്ചു.
അഡ്വ. വി.ഐ. രാഹുൽ, കൊല്ലം സൈബർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നിയാസ് എന്നിവർ ക്ലാസ് നയിച്ചു. കഴിഞ്ഞ ദിവസം ശ്രീനാരായണ ട്രസ്റ്റ് പ്രൈവറ്റ് ഐടിഐയിൽ നടന്ന കാമ്പയിനിൽ വി.ഐ. രാഹുൽ, ചാത്തന്നൂർ അസി. എക്സൈസ് ഇൻസ്പെക്ടർ അനിൽകുമാർ എന്നിവർ ക്ലാസ് നയിച്ചു. കഴിഞ്ഞ ദിവസത്തെ കാമ്പയിന് പൗരവേദി ഭാരവാഹികളായ ജോൺ മോത്ത, രാജു നന്ദനം, പ്രശാന്ത്, രാജേഷ് എന്നിവർ നേതൃത്വം നൽകി.