പിള്ളേര് പൊളിയല്ലേ...
1483297
Saturday, November 30, 2024 5:58 AM IST
കൊട്ടാരക്കര : കലാ മാമാങ്കത്തിന് ഇന്ന് തിരശീല വീഴാനിരിക്കെ മത്സര വേദികൾ ഇന്നലെയും ആവേശ തിമിർപ്പിലായിരുന്നു. മത്സരാർഥികൾക്ക് പ്രോത്സാഹനം നൽകുന്നതിൽ സഹപാഠികളും രക്ഷിതാക്കളും അധ്യാപകരും പിന്നിലല്ല. പൊരിഞ്ഞ പോരാട്ട കളരിയിൽ മത്സരങ്ങൾക്ക് ചൂടേറിയതോടെ ഇന്നലെ അപ്പീൽ പ്രവാഹമായിരുന്നു.
എച്ച്എസ് എസ്ഇരുള നൃത്തയിനം ഉൾപ്പടെ 21 അപ്പീലുകളാണ് ഇന്നലെ മാത്രം ലഭിച്ചത്. വിധികർത്താക്കളെ ചൊല്ലിയുള്ള പരാതികളാണ് കൂടുതലും ബിഗ്രേഡായതിനാൽ അപ്പീലിന് പോകാൻ കഴിയാത്ത മത്സരാർഥികളുമുണ്ട്.
മിക്കവേദികളിലും പരിപാടി തുടങ്ങിയത് വൈകിയായിരുന്നു വേദി 12 ൽ രാവിലെ 10.50ഓടെയാണ് പരിപാടി തുടങ്ങിയത്. വിധികർത്താക്കൾ വൈകി വന്നതാണ് പരിപാടി തുടങ്ങാൻ വൈകിയതെന്നാണ് സംഘാടകർ പറയുന്നത്. പരിപാടിക്കിടയിലും ചില വേദികൾ സാങ്കേതിക തടസങ്ങളിൽപ്പെട്ടു. ക്ലാസിക്കൽ നടന വിസ്മയ ലോകത്തിന് ഇന്നലെ തിരശീല വീണു.
ഒന്നാം വേദിയിലരങ്ങേറിയ തിരുവാതിര മത്സരം ഉൾപ്പടെ പൊതുവേ നിലവാരം പുലർത്തിയിരുന്നു. സാമൂഹ്യ പ്രതിബദ്ധതയെ ഉയർത്തി കാട്ടിയുള്ള നാടകങ്ങളും ഏറെ ശ്രദ്ധ പിടിച്ചു പറ്റി. നാടക സദസുകൾ മത്സരാർഥികൾക്ക് പ്രചോദനപ്രദവുമായിരുന്നു. കാലാവസ്ഥയും പൊതുവേ അനുകൂലമായിരുന്നു. ചൂടില്ലാത്തതിനാൽ ക്ഷീണാവസ്ഥയുമില്ലായിരുന്നു. ഇടവിട്ട് ചായയും പലഹാരങ്ങളും പഴവർഗങ്ങളും നൽകാൻ പോലീസ് സേനയും ഒപ്പമുണ്ടായിരുന്നു.
പോലീസ് ഓഫീസേഴ്സ് അസോസിയേഷനാണ് സേവന മികവ് കാട്ടിയത്. കഴിഞ്ഞ അഞ്ച് ദിവസമായി തുടർന്നുവന്ന കലോത്സവം ഇന്ന് സമാപിക്കും. വൈകുന്നേരം അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. നഗരസഭ അധ്യക്ഷൻ എസ്. ആർ. രമേശ് അധ്യക്ഷത വഹിക്കും.
എൻ.കെ. പ്രേമചന്ദ്രൻ എംപി മുഖ്യപ്രഭാഷണം നടത്തും. എംഎൽഎമാരായ കോവൂർ കുഞ്ഞുമോൻ, എം. നൗഷാദ്, ഡോ. സുജിത്ത് വിജയൻ പിള്ള, സി.ആർ.മഹേഷ് തുടങ്ങിയവർ പ്രസംഗിക്കും. കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടർ കെ.ഐ. ലാൽ സമ്മാനദാനം നടത്തും.