ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി കുട്ടികൾക്ക് ആദ്യാക്ഷരങ്ങൾ കുറിച്ചു
1460950
Monday, October 14, 2024 5:39 AM IST
തങ്കശേരി: വിജയദശമി നാളിൽ കൊല്ലം ബിഷപ്സ് ഹൗസിൽ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി കുട്ടികളെ എഴുത്തിനിരുത്തി. ബിഷപ്സ് ഹൗസിലെ വായനാമുറിയിൽ നിരവധി കുട്ടികൾക്ക് ബിഷപ് ആദ്യാക്ഷരം കുറിച്ചു.
ഭാഷയ്ക്കൊപ്പം ജീവിതവും സംസ്കാരവുമുണ്ടെന്ന് ആദ്യാക്ഷരം കുറിക്കുന്ന ചടങ്ങിൽ ബിഷപ് പറഞ്ഞു. നല്ല പോഷക സമ്പുഷ്ടമായ ഭക്ഷണം അമ്മ മക്കള്‍ക്കുവേണ്ടി തയാറാക്കുന്നു. ഈ ഭക്ഷണം അമ്മ തന്നെ മക്കള്‍ക്ക് വാരി കൊടുക്കുന്നു.
മക്കള്‍ക്ക് വാരി കൊടുക്കുന്ന ഭക്ഷണമാണ് മാതൃഭാഷ. അമ്മ നൽകുന്ന ഭക്ഷണത്തിന്റെ രുചി അനുഭവത്തിൽ ഏറ്റക്കുറച്ചിൽ ഉണ്ടെങ്കിലും മറ്റുള്ളവർ നൽകുന്നതിൽ നിന്നു വ്യത്യസ്തമാണ്.
ഇതുപോലെയാണ് മാതൃഭാഷയെന്ന് ബിഷപ് പറഞ്ഞു.
മാതൃ-ശിശു ഇഴചേരല്‍ അഥവാ ഒരു ഹൃദ്യത മാതൃഭാഷയോടുകൂടി ചേര്‍ന്നുപോകുന്ന പഠനത്തിനും ജീവിതത്തിനും ഉണ്ടാകും. നാം കണ്ടും കേട്ടും അനുഭവിച്ചും വരുന്ന നാടിനോടു ചേര്‍ന്നുള്ള ഭാഷയ്ക്ക് നമ്മുടെ ഹൃദയത്തിലേക്ക് കയറിയിരിക്കാന്‍ ഉറപ്പുണ്ടാകുന്നു.
സംഭാഷണത്തിനും സംവേദനത്തിനും മാതൃഭാഷ രുചിയനുഭവം നമുക്ക് നല്‍കുന്നുണ്ട്. ഈ രുചി അനുഭവം നൽകാനാണ് ലത്തീൻ മിഷണറിമാർ പ്രാദേശിക ഭാഷയിൽ അധിഷ്ടിതമായ വെർണാകുലർ വിദ്യാഭ്യാസം പ്രചരിപ്പിച്ചത്.
മാതൃഭാഷ സാംസ്കാരിക പൈതൃകം, സാമൂഹിക ഐക്യം, കുട്ടികൾക്ക് പരസ്പരം ആശയവിനിമയം നടത്താനും സഹായിക്കുന്നതായി ബിഷപ് പറഞ്ഞു.