മൺട്രോത്തുരുത്തിൽ 31 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ
1460782
Saturday, October 12, 2024 5:50 AM IST
കൊല്ലം: മൺട്രോത്തുരുത്തിൽ വൻ കഞ്ചാവ് വേട്ട. 31 കിലോ കഞ്ചാവുമായി യുവാവ് അറസ്റ്റിൽ. തൃക്കരുവാ പള്ളിമുക്ക് മൂലയിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അജ്മൽ ആണ് അറസ്റ്റിലായത്.
കൊല്ലം സ്പെഷൽ സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ ദിലീപിന്റെ നേതൃത്വത്തിൽ കൊല്ലം മൺട്രോത്തുരുത്ത് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് അജ്മൽ പിടിയിലായത്. ആന്ധ്രാപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളിൽ നിന്ന് വൻ തോതിൽ കഞ്ചാവ് കേരളത്തിലെത്തിച്ച് വില്പന നടത്തിവരുന്നവരിൽ പ്രധാനിയാണ് അജ്മൽ. കഞ്ചാവ് ജില്ലയിൽ വിവിധ ഭാഗങ്ങളിലെ ചില്ലറ വില്പനക്കാർക്ക് കൈമാറുകയായിരുന്നു.
കൊല്ലം എക്സൈസ് സ്പെഷൽ സ്ക്വാഡ് കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ 42 കിലോ കഞ്ചാവുമായി ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. 73 കിലോയോളം കഞ്ചാവ് ആണ് ഈ രണ്ട് കേസുകളിലുമായി ആന്റി നർകോട്ടിക് സ്ക്വാഡ് പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പരിശോധനയിൽ എക്സൈസ് ഇൻസ്പെക്ടർ ദിലീപ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പ്രേംനസീർ, പ്രസാദ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അജിത്, അനീഷ് തുടങ്ങിയവർ പങ്കെടുത്തു.