പഴയേരൂർ റോഡിൽ വെള്ളക്കെട്ട്; പ്രതിഷേധവുമായി നാട്ടുകാര്‍
1460508
Friday, October 11, 2024 5:53 AM IST
അഞ്ചല്‍: ഏരൂര്‍ പഞ്ചായത്തിലെ പത്തടി വാര്‍ഡില്‍ ഉള്‍പ്പെടുന്ന പഴയേരൂര്‍ മാര്‍ത്തോമപള്ളി അരിയ്ക്കല്‍ പാതയിൽ വെള്ളക്കെട്ട് പതിവായി.
സ്കൂള്‍ വിദ്യാര്‍ഥികള്‍ അടക്കം ദിവസവും നൂറുകണക്കിന് പേര് വാഹന, കാല്‍നട യാത്രക്കായി ഉപയോഗിയ്ക്കുന്ന പാതയിലാണിത്. ചെറിയ മഴപെയ്താല്‍ പോലും വലിയ രീതിയില്‍ വെള്ളക്കെട്ട് രൂപപ്പെടും. പിന്നീട് നടക്കാന്‍ പോലും കഴിയാത്ത വിധം ചെളിക്കെട്ടുന്നു. വെള്ളം കെട്ടികിടന്ന് ദുര്‍ഗന്ധവും പകര്‍ച്ച വ്യാധി ഭീഷണിയുമുണ്ട്.
പാതയോരത്തായി നാട്ടുകാര്‍ സിമന്റ് കട്ട ഉപോയോഗിച്ച് നടന്നു പോകുന്നതിനുള്ള താല്‍ക്കാലിക സൗകര്യം ഒരുക്കിയിട്ടുണ്ട്. പക്ഷേ കനത്ത മഴ പെയ്താല്‍ ഇതും വെള്ളത്തിനടിയിലാകും. കട്ടകളിലൂടെ നടക്കുന്നതിന് വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രയാസമാണ്.
പരാതി പറയുമ്പോള്‍ സ്ഥലം സന്ദര്‍ശിക്കുക മാത്രമാണു അധികൃതര്‍ ചെയ്യുന്നതെന്നാണ് ആക്ഷേപം.പലതവണ പഞ്ചായത്ത് അംഗം ഉള്‍പ്പെടെയുള്ള അധികൃതരോടു പറഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ല.
അടിയന്തിരമായി നടപടികള്‍ സ്വീകരിക്കണം എന്നുമാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്. പാതയുടെ വശങ്ങളിലായിട്ടുള്ള മതില്, കല്‍ക്കെട്ട് നിര്‍മാണങ്ങള്‍ മൂലം വെള്ളം ഒഴുകിപ്പോകാത്തതാണ് വെള്ളക്കെട്ടിനിടയാക്കുന്നതെന്നും അടിയന്തരമായി ഇടപെടുമെന്നും വാര്‍ഡ് അംഗം എം.ബി. നസീര്‍ പറഞ്ഞു.