മൺറോതുരുത്ത് തിരുവനന്തപുരം ബസ് പുനരാരംഭിക്കണം: കേരള കോൺഗ്രസ് -ജേക്കബ്
1459288
Sunday, October 6, 2024 5:30 AM IST
കൊല്ലം: കോവിഡ് കാലത്ത് നിർത്തലാക്കിയ തിരുവനന്തപുരം മൺറോ തുരുത്ത് ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ് പുനരാരംഭിക്കണമെന്ന് കേരള കോൺഗ്രസ് -ജേക്കബ് സംസ്ഥാന ജനറൽ സെക്രട്ടറി കല്ലട ഫ്രാൻസിസ് ആവശ്യപ്പെട്ടു. കിഴക്കേ കല്ലട മണ്ഡലം കൺവൻഷൻ ഉദ്ഘാടനം ചെയ്തുപ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാവിലെ 5.15 ന് പുറപ്പെടുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഏഴിന് എത്തും. മെഡിക്കൽ കോളേജ്, ശ്രീചിത്ര, ആർസിസി എന്നിവിടങ്ങളിലേക്ക് പോകുന്നവർക്ക് ക്യൂവിൽ നിന്ന് ടോക്കൺ എടുത്ത് ഡോക്ടറെ കാണാൻ ഈ ബസ് സൗകര്യപ്രദമാണെന്ന് അദ്ദേഹം പറഞ്ഞു.
കിഴക്കേ കല്ലട മണ്ഡലം പ്രസിഡന്റ് ടി.ഡി.സിറിൽ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എഡ്വേർഡ് പരിച്ചേരി, ജില്ലാ ജനറൽ സെക്രട്ടറി റാണി സുരേഷ്, ഇ.ടി. ബാബു, എസ്. പസ്കാൾ, സജി കോണവിള, സെബാസ്റ്റ്യൻ, വിജയൻ, ക്ലമന്റ്, മേരി ദാസൻ, മേരിക്കുട്ടി തുടങ്ങിയവർ പ്രസംഗിച്ചു .