ആട് വളർത്തൽ വായ്പയ്ക്ക് രേഖകൾ കൈമാറി : രേഖകൾ തിരികെ നൽകാൻ കനറാ ബാങ്കിന് മനുഷ്യാവകാശ കമ്മീഷൻ നിർദേശം
1454680
Friday, September 20, 2024 6:09 AM IST
കൊല്ലം: ആടുവളർത്തലിന് വായ്പക്ക് അപേക്ഷിച്ച യുവാവിന് വായ്പ നിഷേധിച്ചതിനാൽ, ബാങ്കിന് സമർപ്പിച്ച മുഴുവൻ രേഖകളും അപേക്ഷകന് തിരികെ നൽകാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
കനറാ ബാങ്കിന്റെ കുണ്ടറ ശാഖാ മാനേജർക്കാണ് കമ്മീഷൻ അംഗം വി.കെ. ബീനാകുമാരി നിർദേശം നൽകിയത്. നിഷേധിച്ച വായ്പക്കായി സമർപ്പിച്ച രേഖകൾ തിരികെ നൽകാനാവില്ലെന്ന ബാങ്കിന്റെ വാദത്തിന് നിയമപരമായ അടിസ്ഥാനമില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. കനറാ ബാങ്ക് പോലൊരു സ്ഥാപനത്തിൽ നിന്ന് മാന്യമായ ഇടപെടലാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.
കുണ്ടറ ശാഖാ മാനേജരോ ചീഫ് റീജിയണൽ മാനേജരോ ബാങ്കിന്റെ യശസിനെക്കുറിച്ച് ചിന്തിക്കാത്തത് നിർഭാഗ്യകരമാണ്. തൊഴിൽ രഹിതനായ ഒരു യുവാവിന്റെ രേഖകൾ പിടിച്ചുവയ്ക്കുന്നതുകൊണ്ട് എന്താണ് നേട്ടമെന്ന് കമ്മീഷൻ ചോദിച്ചു.
രേഖകൾ അപേക്ഷകന് തിരികെ കിട്ടിയാൽ മറ്റേതെങ്കിലും ബാങ്കിൽ നിന്ന് വായ്പയെടുക്കാനാവും. താൻ സമർപ്പിച്ച രേഖകൾ ഒരു കൈപ്പറ്റ് രസീത് നൽകിയശേഷം ബാങ്കിൽ നിന്ന് തിരികെ വാങ്ങാൻ കമ്മീഷൻ അപേക്ഷകന് നിർദേശം നൽകി.
80,000 രൂപയുടെ വായ്പ ആവശ്യപ്പെട്ടാണ് കുണ്ടറ വെള്ളിമൺ സ്വദേശി പ്രേമചന്ദ്ര കുമാർ ബാങ്കിനെ സമീപിച്ചത്. വായ്പ നിഷേധിച്ചപ്പോൾ താൻ നൽകിയ രേഖകൾ മടക്കി നൽകണമെന്ന് അപേക്ഷകൻ ആവശ്യപ്പെട്ടു. അപേക്ഷകന്റെ ആവശ്യം ബാങ്ക് നിഷേധിച്ചതിനെ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.
അപേക്ഷകൻ ഒറിജിനൽ രേഖകളൊന്നും വായ്പയ്ക്കായി സമർപ്പിച്ചിട്ടില്ലെന്ന് ബാങ്ക് കമ്മീഷനെ രേഖാമൂലം അറിയിച്ചു. എന്നാൽ ഇക്കാര്യം അപേക്ഷകൻ നിഷേധിച്ചു. നൽകാത്ത വായ്പയുടെ രേഖകൾ കൈവശം വയ്ക്കാൻ ബാങ്കിന് അധികാരമില്ലെന്ന് കമ്മീഷൻ ഉത്തരവിൽ പറയുന്നു.