കൊല്ലത്തെ ചീനക്കൊട്ടാരം പൈതൃക സ്മാരകമായി സംരക്ഷിക്കുമെന്ന് റെയിൽവേ
1451075
Friday, September 6, 2024 6:00 AM IST
കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനിലെ ചൈനീസ് പാലസ് പൈതൃക സ്മാരകമായി സംരക്ഷിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഏതെങ്കിലും ഏജന്‍സിയോ കൊല്ലം കോര്‍പ്പറേഷനോ മ്യൂസിയം നടത്താന്‍ താല്പര്യം പ്രകടിപ്പിച്ചാല്‍ വ്യവസ്ഥകള്‍ ഇളവു ചെയ്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ വിട്ടുനല്‍കാൻ റെയില്‍വേ സന്നദ്ധമാണെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി അറിയിച്ചു.
ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരുടെ കാര്യാലയത്തില്‍ ഉന്നതതല യോഗം ചേര്‍ന്ന് ലോക്സഭാ മണ്ഡലത്തിലെ റെയില്‍വേ വികസനം സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തിയ ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊല്ലം റെയില്‍വേ ഹെല്‍ത്ത് യൂണിറ്റിന്റെ അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കും. കൂടുതല്‍ സ്പെഷലിസ്റ്റ് ഡോക്ടര്‍മാരെ നിയമിക്കും. ഡിവിഷണല്‍ ആശുപത്രിയില്‍ ലഭിക്കുന്ന പരമാവധി സൗകര്യങ്ങള്‍ കൊല്ലത്തെ യൂണിറ്റിലും ലഭിക്കുന്നവിധത്തിൽ നിലവാരം ഉയര്‍ത്തും.
പെരിനാട് റെയില്‍വേ സ്റ്റേഷനില്‍ രണ്ടാം പ്ലാറ്റ്ഫോമിന്റെ റീ-റൂഫിംഗ് നടത്തും. ഒന്നാം പ്ലാറ്റ്ഫോമിലെ 2 ബേ പ്ലാറ്റ്ഫോം ഷെല്‍റ്റര്‍ നിര്‍മിക്കും. പെരിനാട് റെയില്‍വേ സ്റ്റേഷനിലേക്കുള്ള അപ്രോച്ച് റോഡ് അറ്റകുറ്റപ്പണി ചെയ്ത് ഗതാഗത സൗകര്യം വര്‍ധിപ്പിക്കും. ദിവ്യജ്ഞാന്‍ വാട്ടര്‍ ബൂത്തും ട്രോളിപാത്തും നിര്‍മിക്കും.
പരവൂര്‍ സ്റ്റേഷനില്‍ എല്‍ഇഡി ഡിസ്പ്ലേ ബോര്‍ഡ് സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരുന്നു. സ്റ്റേഷനിലെ സ്ഥലം ബല്ലാസ്റ്റ് ഡിപ്പോക്കായി പ്രയോജനപ്പെടുത്തും.
എന്‍എസ്ജി 5 നിലവാരം അനുസരിച്ചുളള സൗകര്യങ്ങള്‍ ലഭ്യമാക്കും. പ്ലാറ്റ്ഫോം റൂഫിംഗ് പ്രവര്‍ത്തികള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കും.
മയ്യനാട് സ്റ്റേഷനില്‍ മലബാര്‍ എക്സപ്രസിന് സ്റ്റോപ്പ് അനുവദിക്കാനുളള ശിപാര്‍ശ റെയില്‍വേ ബോര്‍ഡിന് നല്‍കും. എന്‍എസ് ജി 6 നിലവാരത്തില്‍ സൗകര്യങ്ങള്‍ ദിവ്യജ്ഞാന്‍ സൗഹൃദ ശുചിമുറിയും വാട്ടര്‍ ബൂത്തുകളും സ്ഥാപിക്കും. സര്‍ക്കുലേറ്റിംഗ് ഏരിയയും പ്ലാറ്റ്ഫോമും നവീകരിക്കും.
ഇരവിപുരം റെയില്‍വേ സ്റ്റേഷന്റെ ഒന്നും രണ്ടും പ്ലാറ്റ്ഫോമുകള് ഉയര്‍ത്താനും നവീകരിക്കാനും അനുമതി നല്കി. ടെണ്ടര്‍ നടപടികള്‍ ത്വരിതപ്പെടുത്തും. മേല്‍നടപ്പാത നിര്‍മിക്കും, സര്‍ക്കുലേറ്റിംഗ് ഏരിയ നവീകരിക്കും.
കിളികൊല്ലൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോമുകള് വിപുലീകരിക്കും. കുണ്ടറ സ്റ്റേഷന് എന്‍എസ് ജി 6 പ്രകാരമുളള നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചു. പ്ലാറ്റ്ഫോമുകളുടെ വിപുലീകരണ നടപടികള്‍ സ്വീകരിച്ചു വരുന്നു.
പുനലൂര്‍ റെയില്‍വേ സ്റ്റേഷന് അമൃത് ഭാരത് സ്റ്റേഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി യാത്രക്കാരുടെ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു വരുന്നു.
സ്റ്റേഷന് വികസനത്തിനുളള വിവിധ നിര്‍മാണ പ്രവൃത്തികള്‍ 2025 മാര്‍ച്ചില്‍ പൂര്‍ത്തീകരിക്കും. പുനലൂരില്‍ രണ്ടാം പ്രവേശന കവാടം നിര്‍മിക്കുന്നത് അമൃത് ഭാരത് സ്കീമില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്നത് പരിഗണനയിലാണ്.
തെന്മല റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോമുകള് ഉയര്‍ത്തുന്നതിനുളള അനുമതി നല്കി. ടെണ്ടര്‍ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. പ്ലാറ്റ്ഫോമുകള് ദീര്‍ഘിപ്പിക്കുന്നതിനുളള പ്രവൃത്തികളുടെ ഭരണാനുമതി നടപടികള്‍ അന്തിമഘട്ടത്തിലാണ്.
ആര്യങ്കാവ് റെയില്‍വേ സ്റ്റേഷന്റെ പ്ലാറ്റ്ഫോം ഉയര്‍ത്തുന്ന പ്രവൃത്തികള്‍ ഡിസംബറില്‍ പൂര്‍ത്തീകരിക്കും. ദിവ്യന്ജ്ഞാന് പദ്ധതി പ്രകാരമുളള സൗകര്യങ്ങള്‍ ആര്യങ്കാവ് സ്റ്റേഷനില്‍ അനുവദിച്ചിട്ടുണ്ട്.
ഭിന്നശേഷിക്കാര്‍ക്ക് ട്രെയിനില്‍ യാത്രക്കുളള പ്ലാറ്റ്ഫോം സൗകര്യം ഒരുക്കണമെന്ന എംപിയുടെ ആവശ്യം പരിഗണിച്ച് നപടി സ്വീകരിക്കും. വിസ്റ്റാഡോം കോച്ച് കൊല്ലം - ചെങ്കോട്ട പാതയില്‍ ഓടുന്ന തീവണ്ടികളില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം റെയില്‍വേ ബോര്‍ഡിന്റെ പരിഗണനയ്ക്കായി വീണ്ടും സമര്‍പ്പിക്കും.
കര്‍ബല - ശങ്കേഴ്സ് ആശുപത്രി മേല്‍നടപ്പാത സുരക്ഷിതമല്ലാത്ത സാഹചര്യത്തില്‍ അടച്ചിട്ടിരിക്കുകയാണ്. പുനര്‍ നിര്‍മിക്കുന്നതിനും ബലപ്പെടുത്തുന്നതിനും സമയബന്ധിതമായി പൂര്‍ത്തിയാക്കി കാല്‍നടയാത്രക്കാര്‍ക്ക് തുറന്നു കൊടുക്കാനുള്ള നടപടികള്‍ സ്വീകരിക്കും.
കൊല്ലം - ചെങ്കോട്ട പാതയില്‍ രാവിലേയും വൈകുന്നേരവും കൊല്ലം - എറണാകുളം റൂട്ടില്‍ രാവിലെ 4.50 നും, 6.50 നും ഇടയ്ക്കും വൈകുന്നേരം 3.40 നും 5.40 നും ഇടയ്ക്കും, കോട്ടയം - കൊല്ലം പാസഞ്ചര്‍ ട്രെയിനുകള്‍ എന്ന ആവശ്യം ദക്ഷിണറയില്‍വേ പരിശോധിച്ച് സര്‍വീസ് ആരംഭിക്കാന്‍ നടപടി സ്വീകരിക്കും.
പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് പകരം മെമു ട്രെയിനുകള്‍ സര്‍വീസ് നടത്താന്‍ നടപടി സ്വീകരിച്ചു വരുന്നു. 39 മെമു റേക്കുകള്‍ അനുവദിക്കാന്‍ റെയില്‍വേ ബോര്‍ഡിനോട് ദക്ഷിണ റയില്‍വേ ആവശ്യപ്പെട്ടിട്ടുണ്ട്.
മയിലാടുത്തുറ -ചെങ്കോട്ട എക്സപ്രസ് കൊല്ലത്തേക്ക് ദീര്‍ഘിപ്പിക്കുന്നതും കൊച്ചുവേളി - പളനി കൊല്ലം - ചെങ്കോട്ട വഴി എറണാകുളം, രാമേശ്വരം, തിരുനെല്‍വേലി, മാംഗ്ലൂര്‍, കൊല്ലം - വിശാഖപട്ടണം തീവണ്ടി പൂനലൂരിലേയ്ക്ക് ദീര്‍ഘിപ്പിക്കല്‍,
കൊല്ലം - ചെങ്കോട്ട വഴി തിരുനെല്‍വേലി മാംഗ്ലൂര്‍ എക്സ്പ്രസ്, കൊല്ലം പാസഞ്ചര്‍, കൊല്ലം ചെങ്കോട്ട വഴി മധുര - തിരുപ്പതി എക്സ്പ്രസ് എന്നിവയുടെ സാധ്യത ദക്ഷിണ റെയില്‍വേ പരിശോധിച്ച് വരികയാണെന്നും ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ അറിയിച്ചതായി എൻ.കെ. പ്രേമചന്ദ്രൻ എംപി പറഞ്ഞു.