പബ്ലിക് ടോ യ് ലറ്റിന് സമീപം കുഴൽക്കിണർ; യൂത്ത്കോ ൺഗ്രസ് തടഞ്ഞു
1431374
Monday, June 24, 2024 10:48 PM IST
കരുനാഗപ്പള്ളി: ദേശീയപാതയോട് ചേർന്ന് പുത്തൻതെരുവിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് വക സ്റ്റേഡിയത്തിലെ പബ്ലിക് ടോയ് ലറ്റിന്റെ സമീപം കുഴൽക്കിണർ സ്ഥാപിക്കുവാനുള്ള പഞ്ചായത്ത് നീക്കം യൂത്ത് കോൺഗ്രസ് തടഞ്ഞു. നിർമാണ പ്രവർത്തനം തടഞ്ഞ യൂത്ത് കോൺഗ്രസ് നേതാക്കൾ കുലശേഖരപുരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ ഉപരോധിച്ചു.
തുടർന്ന് പോലീസ് ഇടപെടുകയും നിർമാണ പ്രവർത്തനം താൽക്കാലികമായി നിർത്തി വെക്കുവാൻ സെക്രട്ടറി നിർദേശിക്കുകയും ചെയ്തു. ദേശീയപാതയിലെ വഴിയാത്രക്കാർക്ക് വേണ്ടി സ്ഥാപിച്ചിരിക്കുന്ന പബ്ലിക് ടോയ്ലറ്റിന് സമീപം സ്ഥാപിക്കുന്ന കുഴൽ കിണറിൽ നിന്നും വെള്ളമെടുത്താൽ ആയിരക്കണക്കിന് ആളുകൾക്ക് ഗുരുതരമായ അസുഖങ്ങൾ ബാധിക്കുമെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.
പഞ്ചായത്തിന്റെ തന്നെ ഉപയോഗശൂന്യമായി നിരവധി വസ്തുക്കൾ കിടന്നിട്ടും യുവജനങ്ങൾ ഫുട്ബോൾ കളിക്കുന്ന സ്റ്റേഡിയത്തിന്റെ മധ്യഭാഗത്തായി കുഴൽക്കിണർ നിർമിക്കുവാനുള്ള നീക്കം പുത്തൻതെരുവ് സ്റ്റേഡിയം ഇല്ലാതാക്കാനുള്ള ചില സ്ഥാപിത താല്പര്യക്കാരുടെ ഗൂഢാലോചനയുടെ ഭാഗമായിട്ടാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. കായിക വിനോദരംഗത്ത് ഏക പ്രതീക്ഷയായ ഈ സ്റ്റേഡിയം 1992 ൽ അന്നത്തെ കുലശേഖരപുരം ഭരണസമിതിയുടെ തീരുമാനപ്രകാരം വില കൊടുത്തു വാങ്ങിയതാണ് സ്റ്റേഡിയം വക 85 സെന്റ് ഭൂമി.
എന്നാൽ പിന്നീട് വന്ന ഭരണസമിതിക്കാർ ആരും തന്നെ കായിക വിനോദങ്ങൾക്ക് വേണ്ടി ഒരു പദ്ധതിയും നടപ്പിലാക്കാതെ മറ്റു പദ്ധതികൾ കൊണ്ടുവന്ന് സ്റ്റേഡിയം ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. വാട്ടർ ടാങ്ക്, ഉപയോഗശൂന്യമായ ടോയ്ലറ്റുകൾ, കാർഷിക വിപണനത്തിന്റെ പേരിൽ ഉപയോഗശൂന്യമായ കെട്ടിടം പണിഞ്ഞ് സ്ഥലപരിമിതമാക്കിയതും,സ്റ്റേഡിയത്തിന്റെ മുൻവശത്ത് നിന്നും കോടികൾ വിലമതിക്കുന്ന അഞ്ച് സെന്റ് ഭൂമി താലൂക്ക് ലൈബ്രറി കൗൺസിലിന് പതിച്ചുകൊടുത്തതും പഞ്ചായത്ത് ഭരണസമിതികൾ യുവജനങ്ങളോട് കാണിക്കുന്ന കടുത്ത വഞ്ചന യാണെന്നും യൂത്ത് കോൺഗ്രസ് കുറ്റപ്പെടുത്തി. ഒരു മണിക്കൂറോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞുവച്ചു.
വിവരമറിഞ്ഞ് കരുനാഗപ്പള്ളിയിൽ നിന്നും പോലീസ് എത്തുകയും പ്രവർത്തകരും സെക്രട്ടറിയുമായി ചർച്ച നടത്തി നിർമാണ പ്രവർത്തനം താൽക്കാലികമായി നിർത്തിവെക്കുവാനുള്ള തീരുമാനമായതോടെയാണ് സമരം അവസാനിച്ചത്.
കോൺഗ്രസ് യൂത്ത് കോൺഗ്രസ് നേതാക്കളായ കെഎസ് പുരം സുധീർ, കെ.എം നൗഷാദ്, ഇ ർഷാദ് ബഷീർ, അസ്ലം ആദിനാട്, അൽത്താഫ് കെ എസ് പുരം, ദീപക് അഫ്സൽ, സുമയ്യ, ഹാഷിക്ക് തുടങ്ങിയവർ നേതൃത്വം നൽകി.