മരിയ ആഗ്നസ് സ്കൂളിൽ പാലിയേറ്റീവ് ക്ലബ് രൂപീകരിച്ചു
1431376
Monday, June 24, 2024 10:48 PM IST
കൊല്ലം : കുരീപ്പുഴ മരിയ ആഗ്നസ് സ്കൂളിൽ രൂപീകരിച്ച കുട്ടികളുടെ പാലിയേറ്റീവ് ക്ലബിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ സിസ്റ്റർ ഫ്ലാവിയ മാർട്ടിൻ നിർവഹിച്ചു.
കഴിഞ്ഞ മൂന്നു വർഷമായി മരിയ ആഗ്നസിൽ പാലിയേറ്റീവ് പ്രവർത്തനം നടക്കുന്നുണ്ടെന്നും മനുഷ്യർ പ്രത്യേകിച്ച് പ്രായമായവർ രോഗികളായി കഴിഞ്ഞാൽ ഉപേക്ഷിക്കുന്ന ആധുനിക മനോഭാവത്തിൽ നിന്ന് സംരക്ഷിക്കുന്ന മനോഭാവത്തിലേക്ക് കുട്ടികളുടെ സ്വഭാവ രൂപീകരണം നടത്തുവാൻ പാലിയേറ്റീവ് പ്രവർത്തനത്തിന് കഴിയുമെന്നുള്ള തിരിച്ചറിവാണ് പാലിയേറ്റീവ് ക്ലബിന്റെ രൂപീകരണത്തിലൂടെ ലക്ഷ്യമിട്ടതെന്നു ം സിസ്റ്റർ ഫ്ലാവിയ പറഞ്ഞു.
സ്കൂൾ പ്രിൻസിപ്പൽ ഉഷ പോൾ അധ്യക്ഷത വഹിച്ചു. വി കെയർ പാലിയേറ്റീവ് ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ജോർജ് എഫ്. സേവ്യർ വലിയവീട് മുഖ്യപ്രഭാഷണം നടത്തി. ഒരു ഭവനത്തിൽ തീരാവ്യാധിയുള്ള വ്യക്തിയുണ്ടായാൽ ആ കുടുംബം പിന്നീട് സാമൂഹ്യമായും സാമ്പത്തികമായും തകർച്ചയിലേക്ക് കൂപ്പുകുത്തുകയാണ്. രോഗിയെ മാത്രമല്ല രോഗിയുടെ കുടുംബത്തെയും കൈപിടിച്ചുയർത്തുക എന്നുള്ളതാണ് പാലിയേറ്റീവ് പ്രവർത്തകന്റെ ദൗത്യമെന്ന് ജോർജ് എഫ് സേവ്യർ പറഞ്ഞു. ചാരിറ്റബിൾ ട്രസ്റ്റ് ചീഫ് കോർഡിനേറ്റർ ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡിക്കോസ്റ്റ, യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് മുകേഷ്, അധ്യാപകരായ ശാന്തിനി പ്രകാശ്, സുനില മേരി എന്നിവർ പ്രസംഗിച്ചു.
കുട്ടികൾക്ക് വേണ്ടി നടത്തിയ ഫസ്റ്റ് എയ്ഡ് ബിഎൽഎസ് പരിശീലനത്തിന് മുകേഷ് നേതൃത്വം നൽകി. ക്ലബ് കോർഡിനേറ്റർമാരായി കാർത്തിക് എസ്, ശ്രീനന്ദ എന്നിവരെ തെരഞ്ഞെടുത്തു.