പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മീഷനെ അടിയന്തിരമായി നിയമിക്കണം: പെൻഷനേഴ്സ് ലീഗ്
1431169
Sunday, June 23, 2024 10:54 PM IST
കൊല്ലം: ജൂലൈ മുതൽ പ്രാബല്യത്തിൽ വരേണ്ട പന്ത്രണ്ടാം ശമ്പള, പെൻഷൻ പരിഷ്കരണ കമ്മീഷനെ ഉടൻ നിയമിക്കണമെന്നു കേരള സർവീസ് പെൻഷനേഴ്സ് ലീഗ് കൊല്ലം ജില്ലാ കൗൺസിൽ യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ഇടത് സർക്കാരിന്റെ പെൻഷൻ അട്ടിമറിക്കെതിരെ പെൻഷനേഴ്സ് ലീഗ് നേതൃത്വത്തിൽ 27 നു സെക്രട്ടറിയേറ്റിനു മുന്നിൽ പ്രതിപക്ഷ ഉപ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി ഉത്ഘാടനം ചെയ്യുന്ന പ്രക്ഷോഭ സംഗമം വിജയിപ്പിക്കുവാൻ യോഗം തീരുമാനിച്ചു.
നിലവിലുള്ള സ്റ്റാറ്റ്യൂട്ടറി പെൻഷൻ സംവിധാനം അട്ടിമറിക്കാൻ ലക്ഷ്യമിട്ട് ധനവകുപ്പ് പ്രഖ്യാപിച്ച ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക, ക്ഷാമബത്ത കുടിശികകളും പെൻഷൻ പരിഷ്ക്കരണ കുടിശികകളും അനുവദിക്കുക, മെഡിസെപ് പദ്ധതി കാലോചിതമായി പരിഷ്ക്കരിച്ച് നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പ്രക്ഷോഭ സംഗമം നടത്തുന്നത്.
പെൻഷനേഴ്സ് ലീഗ് ജില്ലാ പ്രസിഡന്റ്സിറാജ് മീനത്തേരി അധ്യക്ഷത വഹിച്ച യോഗം മുസ്ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. സുൽഫിക്കർ സലാം ഉദ്ഘാടനം ചെയ്തു.
സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും അർഹതപ്പെട്ട ആനുകൂല്യങ്ങൾ തടഞ്ഞുവെക്കുന്നത് ആനുകൂല്യ നിഷേധത്തിന് തുല്യമാണെന്നു അദ്ദേഹം പറഞ്ഞു. പെൻഷനേഴ്സ് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സൈഫുദ്ദീൻ മയ്യനാട് പ്രക്ഷോഭ സംഗമ വിവരണം നടത്തി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി ഷെരീഫ് ചന്ദനത്തോപ്പ്, നാസറുദ്ദീൻ കരുനാഗപ്പള്ളി, വാഹിദ് ഓച്ചിറ, മെഹബൂബ് ഖാൻ, ഖാൻ സാഹിബ്, ഷംസീർ, നൗഫൽ എന്നിവർ പ്രസംഗിച്ചു.