നവ സമൂഹ സൃഷ്ടിക്ക് വൈഎംസിഎ പ്രസ്ഥാനം നൽകുന്ന സേവനം മഹത്തരം: പി.എസ്.സുപാൽ എംഎൽഎ
1431168
Sunday, June 23, 2024 10:54 PM IST
കരവാളൂർ: വർണാഭമായ ചടങ്ങുകളോടെ വൈഎംസിഎ പുനലൂർ സബ് റീജൻ പ്രവർത്തനോദ്ഘാടന സമ്മേളനം കരവാളൂർ ബഥേൽ മാർത്തോമാ പള്ളിയിൽ നടന്നു.
പി.എസ്. സുപാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.സാമൂഹ്യ പ്രതിബദ്ധതയും സഹജീവി സ്നേഹവും മൂല്യബോധമുള്ള നവസമൂഹ സൃഷ്ടിക്ക് വൈഎംസിഎ പ്രസ്ഥാനം ആഗോളതലത്തിൽ നൽകുന്ന സേവനം മഹത്തരമെന്നും സ്വാതന്ത്ര്യാനന്തരം ആധുനിക ഭാരതം കെട്ടിപ്പിടിക്കുന്നതിൽ അന്നത്തെ നേതാക്കളോടൊപ്പം വൈ എംസിഎ പ്രസ്ഥാനവും സജീവമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആഗോളതലത്തിൽ സഭകളുടെ ഐക്യത്തിന് നന്ദി കുറിച്ചത് വൈഎംസിഎ പ്രസ്ഥാനമാണെന്നും വിശാലമായ എക്യൂമിനിസം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും സമ്മേളനത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തിയ മലങ്കര കത്തോലിക്കാ സഭ മാവേലിക്കര ഭദ്രാസനാധിപൻ ഡോ.ജോഷ്വാ മാർ ഇഗ്നാത്തിയോസ് പറഞ്ഞു.
കരവാളൂർ വൈഎംസിഎയുടെ പ്രവർത്തന വർഷത്തെ കർമപദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.സബ് റീജിയൻ ചെയർമാൻ ഡോ.ഏബ്രഹാം മാത്യു അധ്യക്ഷത വഹിച്ചു.
മലങ്കര കത്തോലിക്കാ സഭ വൈദിക ജില്ലാ വികാരി ഫാ.ബോവസ് മാത്യു മേലൂട്ട് ധ്യാന സന്ദേശം നൽകി.റീജിയണൽ ട്രഷറർ പി.എം. തോമസ്കുട്ടി സബ് റീജൻ കർമ പദ്ധതികളുടെ രൂപരേഖ പ്രകാശനവും മുൻ ദേശീയ നിർവാഹക സമിതി അംഗം കെ.ഒ.രാജുക്കുട്ടി അവാർഡ് ദാനവും നിർവഹിച്ചു.
കരവാളൂർ വൈഎംസി പ്രസിഡന്റ്സി.പി.ശാമുവേൽ ഇടവക വികാരിമാരായ റവ.അരുൺ ജോർജ്,ഫാ. ഏബ്രഹാം ജേക്കബ്, ഫാ. റെഞ്ചി മണിപറമ്പിൽ ,ജനറൽ കൺവീനർ ഷിബു.കെ.ജോർജ്,ഡോ.വിനോദ് ജോൺ, വർഗീസ്,എൽ. തങ്കച്ചൻ,എൽ.സജി,ബിനു. കെ.ജോൺ, പി. ജോൺ കരിക്കം,എൽ.ബാബു, കെ. ബാബുക്കുട്ടി എന്നിവർ പ്രസംഗിച്ചു.
കെ.കെ. അലക്സാണ്ടർ,കൊച്ചു കോശി ഫിലിപ്പ്,ഡോ.പി.സൂസികുട്ടി,ലീലാമ്മ ജോർജ് എന്നിവർ സ്തോത്ര ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി.