കൊ ട്ടാരക്കരയിൽ 26ന് ലഹരി വിരുദ്ധ മഹാറാലി
1431173
Sunday, June 23, 2024 10:54 PM IST
കൊട്ടാരക്കര : ലോക മദ്യമയക്കുമരുന്നു വിരുദ്ധ ദിനമായ ജൂൺ 26 നു കൊട്ടാരക്കരയിൽ ലഹരിക്കെതിരെ പടുകൂറ്റൻ റാലി നടത്തുന്നു.
ജില്ലാ ഭരണകൂടവും ജില്ലാ സാമൂഹ്യ നീതി ഓഫീസും കൊട്ടാരക്കര ആശ്രയയും സംയുക്തമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഇതര സന്നദ്ധ സംഘടനകളുടെയും പങ്കാളിത്തത്തോടെയാണ് മഹാറാലി സംഘടിപ്പിക്കുന്നത്.
ഉച്ചക്ക് 1.30 നു ബോയ്സ് ഹൈസ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിക്കുന്ന റാലി ചന്തമുക്ക്, പുലമൺ ജംഗ്ഷൻ വഴി മാർത്തോമാ ജൂബിലി മന്ദിരം ഓഡിറ്റോറിയത്തിൽ സമാപിക്കും.
വിദ്യാർഥികളും അധ്യാപകരും കുടുംബശ്രീ, തൊഴിലുറപ്പു പ്രവർത്തകരും സന്നദ്ധസംഘടന പ്രവർത്തകരും അടക്കം അയ്യായിരത്തിൽപരം പേർ റാലിയിൽ അണിനിരക്കും.
ശിങ്കാരിമേളം പഞ്ചവാദ്യം, ബാന്റുമേളം എന്നിവയുടെ അകമ്പടിയോടെ ലഹരിക്കെതിരെയുള്ള മുദ്രാവാക്യങ്ങൾ പതിച്ച പ്ലക്കാർഡുകൾ വഹിച്ചാണ് ആളുകൾ റാലിയിൽ പങ്കെടുക്കുന്നത്.
പദ്ധതിയുടെ നടത്തിപ്പിനായി കൊട്ടാരക്കര മുനിസിപ്പൽ ചെയർമാൻ എസ്. ആർ. രമേശ് അധ്യക്ഷനായും ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ് ജനറൽ കൺവീനറുമായി ത്രിതല പഞ്ചായത്തുകളിലെ ജനപ്രതിനിധികൾ, പോലീസ്, ആർടിഓ, ആരോഗ്യം, വിദ്യാഭ്യാസം, ഭക്ഷ്യ സുരക്ഷാ, വ്യാപാരിവ്യവസായികൾ സാംസ്കാരിക പ്രവർത്തകർ എന്നിവർ ഉൾപ്പെടുന്ന 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു പ്രവർത്തനം നടന്നുവരുന്നു. സമൂഹത്തിൽ ലഹരിയുടെ വ്യാപനം തടയുന്നതിനും പുത്തൻ തലമുറ ലഹരിയിൽ പെടാതെ സംരക്ഷിക്കുന്നതിനുമുള്ള ആഹ്വാനമാണ് നശാമുക്ത് ഭാരത് അഭിയാൻ പദ്ധതി പ്രകാരമുള്ള ഈ റാലിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
ലോക പുകയില വിരുദ്ധ ദിനമായ മേയ് 31 -നു ആരംഭിച്ച ലഹരി വിരുദ്ധ കലാജാഥയുടെ തുടർച്ചയായാണ് ഈ ബഹുജന റാലി.
നൂറുകണക്കിന് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങളിലും സ്കിറ്റും പാട്ടും ഡാൻസും പ്രഭാഷണവുമായി ഒരു ഡസനിൽപരം കലാകാരൻമാർ അലങ്കരിച്ച വാഹനത്തിൽ നാടെമ്പാടും ഇപ്പോഴും ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുമായി സജീവമായി രംഗത്തുണ്ട്.