കൈ കഴുകാന്‍ വെള്ളം എടുത്ത് നല്‍കിയില്ല; മകൻ വയോ ധിക മാതാവിന്റെ കൈ അടിച്ചൊ ടിച്ചു
1431170
Sunday, June 23, 2024 10:54 PM IST
കടയ്ക്കല്‍ : ഭക്ഷണം കഴിച്ച ശേഷം കൈ കഴുകുന്നതിനായി വെള്ളം കോരി നല്കാന് വിസമ്മതിച്ച വൃദ്ധ മാതാവിന്റെ കൈ മകന് അടിച്ചൊടിച്ചു.
കോട്ടുക്കൽ സ്വദേശിനിയായ കുല്‍സം ബീവിയുടെ ഇടത് കൈയ്യാണ് മകന് നിസാറുദീന്‍ വിറക് കമ്പ് കൊണ്ട് അടിച്ചൊടിച്ചത്.
ഇക്കഴിഞ്ഞ 16-ന് ആണ് സംഭവം. വൈകുന്നേരം 4.30-ഓടെ വീട്ടിലെത്തിയ മകൻ ഭക്ഷണം ചോദിച്ചു. ചോറിനൊപ്പം നല്കിയ ഇറച്ചി കറിയില്‍ നെയ്യ് കൂടി എന്ന് പറഞ്ഞു മാതാവിനെ അസഭ്യം പറഞ്ഞു.
പിന്നീട് ആഹാരം കഴിച്ച ശേഷം കൈ കഴുകാന്‍ വെള്ളം എടുത്ത് നല്‍കിയില്ല എന്നാരോപിച്ച നിസാറുദീന്‍ മുറിയില്‍ കട്ടിലില്‍ വിശ്രമിക്കുകയായിരുന്ന കുല്‍സം ബീവിയെ പുറത്തേക്ക് ബലമായി പിടിച്ചുകൊണ്ടു പോയി കൈ വിറക് കഷ്ണം കൊണ്ട് അടിയ്ക്കുകയായിരുന്നു.
മാതാവിന്റെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയതോടെ നിസാറുദീന്‍ രക്ഷപ്പെട്ടു. നാട്ടുകാരാണ് വയോധികയെ ആശുപത്രിയില്‍ എത്തിച്ചത്.
ഇടതു കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുല്‍സം ബീവി ചികിത്സയിലാണ്. ഇവരുടെ പരാതിയില്‍ കേസെടുത്ത കടയ്ക്കല്‍ പോലീസ് ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തി നിസാറുദീനെതിരെ കേസെടുക്കുകയായിരുന്നു. ഒളിവില്‍ പോയ പ്രതിയെ കഴിഞ്ഞ ദിവസം പിടികൂടിയ പോലീസ് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.