പിണറായിസർക്കാരിന്റെ പ്രവർത്തനത്തിൽ അതൃപ്തിയുമായി ആർഎസ്പി- ലെനിനിസ്റ്റ്
1431167
Sunday, June 23, 2024 10:54 PM IST
കൊല്ലം: രണ്ടാം പിണറായി സർക്കാരിന്റെ പ്രവർത്തനത്തിൽ ശക്തമായ അതൃപ്തി സംസ്ഥാന കമ്മിറ്റിയിൽ ചർച്ച ചെയ്തതായി ആർ എസ്പി - ലെനിനിസ്റ്റ് നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
സർക്കാരിന്റെ പൊതുവെയുള്ള പ്രവർത്തനങ്ങളും മന്ത്രിമാരുടെ പ്രർത്തനങ്ങളും പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ല. ക്ഷേമ പെൻഷനുകളിലെ കുടിശിക, ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കൽ, സപ്ലൈകോ അടക്കമുള്ള പൊതുവിതരണ സംവിധാനത്തിലുണ്ടായ ഗുരുതരമായ വീഴ്ചകൾ ഇവയൊക്കെ ജനങ്ങളുടെ ശക്തമായ പ്രതിഷേധത്തിന് കാരണമായിട്ടുണ്ടെന്ന് യോഗം വിലയിരുത്തി.
പല മന്ത്രിമാരുമാരുടേയും പ്രവർത്തനങ്ങൾ നിരാശാജനകമാണ്. നവകേരളാ സദസ് ഇടതുമുന്നണിക്കും സർക്കാരിനും ഏറെ ഗുണകരമായെങ്കിലും ലഭിച്ച അപേക്ഷകളിന്മേൽ തീരുമാനമെടുക്കാൻ വൈകിയത് ദോഷകരമായി ബാധിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാരിന്റെ സംസ്ഥാന വിരുദ്ധ നിലപാട് പ്രതിസന്ധി സൃഷ്ടിക്കുന്നെങ്കിലും സർക്കാർ തനതായ മാർഗം കണ്ടെത്തി ജനക്ഷേമ പദ്ധതികൾ നടപ്പാക്കണം. മന്ത്രിമാരുടെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ പാർട്ടികളും മുഖ്യമന്ത്രിയും മേൽനോട്ടം വഹിക്കണം.
കൊല്ലത്ത് വിജയിക്കാൻ ധാരാളം സാധ്യതകൾ ഉണ്ടായിട്ടും സ്ഥാനാർഥി നിർണയം വലിയ തിരിച്ചടിയായി. യുവജന- മഹിളാ സംഘടനകളുടെ നേതാക്കളെ പരിഗണിക്കുന്നതിന് പകരം പാർട്ടിയിലോ ജനങ്ങൾക്കിടയിലോ അംഗീകാരമില്ലാത്ത സ്ഥാനാർഥിയെ തീരുമാനിച്ചതിൽ മുന്നണി പ്രവർത്തകർക്കിടയിൽ തന്നെ പ്രതിഷേധമുണ്ടായത് കാണാൻ നേതൃത്വത്തിന് കഴിഞ്ഞില്ല. ശക്തന്മാരായസ്ഥാനാർഥികളെ മത്സരിപ്പിച്ചിരുന്ന മുന്നണിക്ക് ലഭിച്ചിരുന്ന വോട്ടുകൾ കുറയാൻ ഘടക കക്ഷികളിൽ ചിലതിലുണ്ടായ വിഭാഗീയതയും കാരണമായിട്ടുണ്ടെന്ന് നേതൃത്വം പരിശോധിക്കണം.
ജനാധിപത്യ പാർട്ടികൾക്കുപോലും സംഘടനയിൽ മന്ത്രിമാരെ വച്ചുമാറി അവസരം നൽകിയിട്ടും ഇടതുപാർട്ടിയായ ആർഎസ്പിയുടെ സീനിയർ എംഎൽഎ ആയ കോവൂർ കുഞ്ഞുമോന് മന്ത്രി സ്ഥാനം നിഷേധിച്ചത് ന്യായീകരണമില്ലാത്തതാണ്. പല മണ്ഡലങ്ങളിലും പിറകിലായിരുന്നിട്ടും ഇടതു മുന്നണി കുന്നത്തൂരിൽ 1500ലധികം വോട്ടുകൾക്ക് മുന്നിലായത് എംഎൽഎ യുടെ മണ്ഡലം കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾകൊണ്ട് കൂടിയാണ്.
അർഹതപ്പെട്ട ബോർഡ്, കോർപറേഷൻ, പിഎസ് സി, ദേവസ്വം ബോർഡ് പദവികൾക്കായി മുന്നണി കൺവീനറേയും മുഖ്യമന്ത്രിയേയും നേരിൽ കാണാൻ തീരുമാനിച്ചതായും നേതാക്കൾ വ്യക്തമാക്കി.
പത്രസമ്മേളനത്തിൽ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ പി.ടി. ശ്രീകുമാർ, അഡ്വ.ഷാജി.എസ്. പണിക്കർ, സെക്രട്ടറിയേറ്റംഗങ്ങളായ സാബു ചക്കുവള്ളി,കോവൂർ മോഹൻ എന്നിവർ പങ്കെടുത്തു.