അടച്ചിട്ടിരുന്ന വീട്ടിൽ മോ ഷണം; കാമറയും സ്വര്‍ണവും കവര്‍ന്നു
1431384
Monday, June 24, 2024 10:49 PM IST
അഞ്ചൽ : അഞ്ചലില്‍ അടച്ചിട്ടിരുന്ന വീട്ടിൽ കവര്‍ച്ച. ഇടയം സതീശ മന്ദിരത്തിൽ സുരേന്ദ്രൻ നായരുടെ വീട്ടിലാണ് മോഷണം നടത്തത്. ഒരു ലക്ഷം രൂപ വിലപിടിപ്പുള്ള കാമറയും മൂന്നു പവനോളം തൂക്കമുള്ള സ്വർണാഭരണങ്ങളും അയ്യായിരത്തോളം രൂപയും കവർന്നു. രണ്ട് മാസത്തോളമായി വീട്ടിൽ ആൾത്താമസമില്ലാതിരുന്നതിനെത്തുടർന്ന് പൂട്ടിയിട്ടിരിക്കുകയായിരുന്നു.
ഇന്നലെ വീട്ടുടമസ്ഥര്‍ എത്തിയപ്പോൾ മുൻ വശത്തെ ഗ്രില്ലും വാതിലുകളും തകർക്കപ്പെട്ട നിലയിൽ കാണപ്പെടുകയായിരുന്നു. തുടർന്ന് വീട്ടുടമ അഞ്ചൽ പോലീസിൽ പരാതി നൽകി. പോലീസെത്തി വീടും പരിസരവും പരിശോധന നടത്തി. വീടിനുള്ളിലും പരിസരത്തും മുളക് പൊടിയും മറ്റേതോ വെളുത്ത പൊടിയും വിതറിയ നിലയിലാണ്. മുറിയ്ക്കകത്തുണ്ടായിരുന്ന അലമാരയിൽ നിന്നുമാണ് കാമറയും സ്വർണവും പണവും കവർന്നത്.
റൂറല്‍ പോലീസിന്റെ ഫോറൻസിക് ,ഫിംഗർപ്രിന്റ് വിദഗ്്ധർ സ്ഥലത്തെത്തി കൂടുതൽ പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ ശേഖരിച്ച പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടുത്തിടെയായി ഇടയം മേഖലയില്‍ നടക്കുന്ന മൂന്നാമത്തെ കവര്‍ച്ചയാണിത്. പോലീസ് നിരീക്ഷണവും പെട്രോളിങ്ങും ശക്തമാക്കണം എന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.