കുട്ടിപോ ലീസ് ആകാൻ തിരക്ക്; സിറ്റിയിൽ 1584 പേർക്ക് അവസരം
1430015
Tuesday, June 18, 2024 10:15 PM IST
കൊല്ലം : കുട്ടി പോലീസ് (സ്റ്റുഡന്റ് പോലീസ് കേഡറ്റ്) ആകാൻ സ്കൂളുകളിൽ വിദ്യാർഥികളുടെ തിരക്ക്. അനുമതി നേടിയ 36 സ്കൂളുകളിലായി 1584 പേർക്കാണ് അവസരം.
സംസ്ഥാന ആഭ്യന്തരവകുപ്പിന് കീഴിലാണ് എസ്പിസി പ്രവർത്തനം. ഇത്തവണ ഇരട്ടിയിലേറെ വിദ്യാർഥികൾ സ്കൂളുകളിൽ എത്തുന്നതിനാൽ തെരഞ്ഞെടുപ്പ് പ്രക്രിയ കഠിനമാണ്. എട്ടാം ക്ലാസിലെ കുട്ടികളെയാണ് തെരഞ്ഞെടുക്കുന്നത്. ഇവരിൽ പകുതി പെൺകുട്ടികളാണ്.
തെരഞ്ഞെടുപ്പിന്റെ ഭാഗമായി എഴുത്തു പരീക്ഷ കഴിഞ്ഞ 12ന് വിവിധ കേന്ദ്രങ്ങളിലായി നടത്തിയിരുന്നു. എസ്പിസി സംസ്ഥാന ഡയറക്ടറേറ്റ് തയാറാക്കിയ ചോദ്യപേപ്പർ ഉപയോഗിച്ചായിരുന്നു ഒരേ സമയം പരീക്ഷ. ഇതിന്റെ തുടർച്ചയായി ശാരീരിക ക്ഷമത പരിശോധന സ്കൂളുകളിൽ നടക്കുകയാണ്.
അതത് പോലീസ് സ്റ്റേഷനുകളിലെ പോലീസ് ഉദ്യോഗസ്ഥരെ നേതൃത്വത്തിലാണ് ശാരീരിക ക്ഷമത പരിശോധന നടന്നുകൊണ്ടിരിക്കുന്നത് . 22 ആൺകുട്ടികളും 22 പെൺകുട്ടികളും ഉൾപ്പെടെ 44 പേർ അടങ്ങുന്നതാണ് കുട്ടി പോലീസ്.44000 രൂപയാണ് ഈ വർഷം പ്ലാൻ ഫണ്ടിൽ എസ്പിസി പ്രോജക്റ്റിന്റെ റിഫ്രഷ്മെന്റിനായി വച്ചിരിക്കുന്നത്. ജില്ലാ പഞ്ചായത്ത് 20000 രൂപയാണ് നൽകാമെന്ന് പറഞ്ഞിരിക്കുന്നത്.വിദ്യാർഥികൾക്ക് യൂണിഫോം സൗജന്യമാണ്. കമ്യുണിറ്റി പോലീസ് ഓഫീസർമാരായി സ്കൂളുകളിൽ ഒരു അധ്യാപകനും വനിതാ അധ്യാപകയും ആണ് ചുമതലക്കാർ.
ഇതിനുപുറമേ സമീപത്തെ പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ഉണ്ടാകും. ഇവരുടെ നേതൃത്വത്തിലാണ് ആക്ടിവിറ്റി പ്രകാരം എല്ലാ ബുധൻ ശനി ദിവസങ്ങളിൽ പരേഡും പരിശീലനവും നടക്കുക.
വിദ്യാർഥികളുടെ സമ്പൂർണ വ്യക്തി വികസനത്തിന് ഊന്നൽ നൽകുന്ന വിവിധ പരിപാടികൾ ആണ് കുട്ടി പോലീസിന്റെ പ്രവർത്തനത്തിൽ ഉള്ളത്. വിദ്യാർഥികൾക്ക് ഗ്രേസ് മാർക്കും ലഭിക്കും. കൊല്ലം സിറ്റി കമ്മിഷണർ വിവേക് കുമാർ , ജില്ലാ ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണർ എൻ. ഷിബു , എ ഡി എന് ഓ ബി. രാജേഷ്, എ എൻ ഓ വൈ.സാബു,പ്രോഗ്രാം ഓഫീസർ ഷഹീർ, പ്രഥമ അധ്യാപികമാർ, കമ്യുണിറ്റി പോലീസ് ഓഫീസർമാർ, ഡ്രിൽ ഇൻസ്ട്രക്ടർമാർ എന്നിവരുടെ നേതൃത്വത്തിലാണ് എസ്പിസിയുടെ പ്രവർത്തനം സിറ്റിയിൽ നടന്നുവരുന്നത്.