ജില്ലയിൽ മഴ ശക്തം
1425669
Tuesday, May 28, 2024 11:38 PM IST
കൊല്ലം: തിങ്കൾ അർധരാത്രി മുതൽ പെയ്ത അതിശക്തമായ ജില്ലയിൽ ജനജീവിതം ദുഷ്കരമാക്കി. ഇടവിട്ട് പെയ്ത മഴ കൊല്ലം - തിരുവനന്തപുരം ദേശീയ പാതയിൽ പലയിടത്തും കനത്ത വെള്ളക്കെട്ടുകൾ സൃഷ്ടിച്ചു.
ചാത്തന്നൂർ മുതൽ പാരിപ്പള്ളി വരെയുള്ള മേഖലയിൽ ഇതുകാരണം ഗതാഗതം തടസപ്പെട്ടു. പലയിടത്തും വാഹനങ്ങൾ വഴി തിരിച്ച് വിടുകയും ചെയ്തു.
കുണ്ടറ ചീരങ്കാവിന് സമീപം രാത്രി മരം വീണ് വൈദ്യുതി ലൈനുകൾ തകർന്നു. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇവിടെ വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്. ഇവിടെ മരച്ചില്ലകൾ ഒടിഞ്ഞു വീണ് രണ്ട് വാഹനങ്ങളുടെ ഗ്ലാസ് തകർന്നു.
എംസി റോഡിൽ കൊട്ടാരക്കരയ്ക്ക് സമീപവും വെള്ളക്കെട്ട് ഉണ്ടായി. ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. കല്ലടയാർ, അഷ്ടമുടി കായൽ, പരവൂർ കായൽ, ഇടവ - നടയറ കായൽ, ഇത്തിക്കരയാർ എന്നിവിടങ്ങളിലെല്ലാം ജല നിരപ്പ് ഉയർന്നു.
കൊല്ലം കാവനാട്, കൊട്ടിയം, പറക്കുളം, ഇരവിപുരം, മയ്യനാട്, കൂട്ടിക്കട, തട്ടാമല തുടങ്ങിയ സ്ഥലങ്ങളിൽ നിരവധി വീടുകളിൽ വെള്ളം കയറി.
തീരദേശ മേഖലയിൽ കടൽ പ്രക്ഷുബ്ധമാണ്. കൂറ്റൻ തിരമാലകൾ തീരത്തേയ്ക്ക് ആഞ്ഞടിക്കുന്നുണ്ട്. താന്നി, ഇരവിപുരം, മുണ്ടയ്ക്കൽ മേഖലകളിൽ നിരവധി വീടുകൾ കടലാക്രമണ ഭീഷണിയിലാണ്. കൊല്ലം മണ്‍സൂണ്‍കാല മുന്നൊരുക്കങ്ങളുടെഭാഗമായി സ്വകാര്യവ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ ഭൂമിയില്‍ അപകടാവസ്ഥയില്‍ നില്ക്കുന്ന മരങ്ങളും മരച്ചില്ലകളും അടിയന്തരമായി മുറിച്ചുമാറ്റുമെന്ന് ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ്. മഴക്കെടുതിയുമായി ബന്ധപ്പെട്ട ദുരന്തലഘൂകരണത്തിന് ആവശ്യമായ നടപടികള്‍ ദുരന്തനിവാരണ വിഭാഗം സ്വീകരിച്ചു വരികയാണ്.
ജില്ലയില്‍ പുതുതായി ഏഴു ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. ഒരെണ്ണം പ്രവര്‍ത്തിച്ചുവരികയാണ്.ചവറയിലാണ് ഏറ്റവുമധികം മഴ പെയ്തത് -138.5 മി.മീ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 32 വീടുകള്‍ക്ക് ഭാഗിക നാശനഷ്ടമുണ്ടായി. ഇതില്‍ ഒരെണ്ണം പൂര്‍ണമായി തകര്‍ന്നു. മഴക്കെടുതിയില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.
കൊട്ടാരക്കര: കഴിഞ്ഞ രാത്രി തുടങ്ങിയ മഴയിൽ എം സി റോഡിൽ വാളകത്ത് വെള്ളക്കെട്ട്. ചെറിയ വാഹനങ്ങൾ പോകാൻ കഴിയാത്ത വിധം റോഡു നിറഞ്ഞാണ് വെള്ളമൊഴുകുന്നത്. വലിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ വാഹനത്തിനുളളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം അടിച്ചു കയറുകയും ചെയ്യുന്നു.
വാളകം എംഎൽഎ മുക്കുമുതൽ വാളകം ജംഗ്ഷൻ വരെ മുക്കാൽ കിലോമീറ്ററോളം സ്ഥലത്ത് റോഡിൽ വെള്ളം കയറി കിടക്കുകയാണ്. എല്ലാ മഴക്കാലത്തും ഇങ്ങനെ സംഭവിച്ചു വരുന്നുണ്ടെങ്കിലും ഇതിന് ശാശ്വത പരിഹാരം കാണാൻ കെഎസ്ടിപിക്ക് കഴിഞ്ഞിട്ടില്ല.
ഓടകൾ വെള്ളമൊഴുകാൻ കഴിയാത്ത വിധം അടഞ്ഞുകിടക്കുന്നതാണ് വെള്ളക്കെട്ടുണ്ടാകാൻ കാരണമെന്ന് പ്രദേശവാസികൾ പറയുന്നു. ഓടകളിലെല്ലാം മാലിന്യം കെട്ടികിടക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യാവശിഷ്ടങ്ങളെല്ലാം രാത്രി കാലങ്ങളിൽ ഓടയിലേക്കാണ് തള്ളുന്നത്. ഓടകൾ അടയാൻ പ്രധാനകാരണം ഇതാണ്. ഇത് മൂലം പെയ്ത് വെള്ളവും ഇടറോഡുകളിൽ നിന്നുള്ള വെള്ളവും ഓടയിലേക്ക് പോകാതെ റോഡ് നിറഞ്ഞ് ഒഴുകുന്നു. അമ്പലക്കര - പനവേലി - വാളകം റോഡിൽ നിന്നുള്ള കുത്തൊഴുക്കും എംസി റോഡിലേക്കാണ് പതിക്കുന്നത്. വാളകം പെട്രോൾ പമ്പിന് സമീപത്തുള്ള കലുങ്കിലൂടെ വെള്ളമൊഴുകാത്തതും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.
എം സി റോഡ് നവീകരണത്തിന് മുൻപ് ഇതൊരു വലിയ കലുങ്കായിരുന്നു. നവീകരണത്തോടെ വളരെ വ്യാസം കുറഞ്ഞ പൈപ്പു വഴിയാണ് കലുങ്കിനടിയിലൂടെ വെള്ളം കടത്തിവിടുന്നത്. അധികം വരുന്ന വെള്ളം എം സി റോഡിലാണ് നിറയുന്നത്.
എം സി റോഡ് നവീകരണത്തിൽ നടന്ന കൊടിയ അഴിമതിയും അശാസ്ത്രീയതയുമാണ് വാളകത്തെ വെള്ളക്കെട്ടിനു കാരണമെന്ന് ബ്ലോക്ക് പഞ്ചായത്തംഗം വാളകം റെജി പറഞ്ഞു. മഴക്കാലത്തിനു മുന്നോടിയായി ഓടകളിലെ മാലിന്യം നീക്കം ചെയ്യാനുള്ള നടപടികളും കെ എസ് ടി പി സ്വീകരിക്കാറുമില്ല. പരാതികൾ ശക്തമായതോടെ കെഎസ്ടിപി അധികൃതരെത്തി വെള്ളക്കെട്ടൊഴിവാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. എല്ലാ മഴക്കാലത്തും ജനം ഇവിടെ പൊറുതിമുട്ടുകയാണ്.
കൊട്ടാരക്കര: കഴിഞ്ഞ ദിവസം രാത്രിയിൽ തുടങ്ങിയ ശക്തമായ മഴ തോരാതെ തുടരുകയാണ്. താലൂക്കിൽ പലയിടങ്ങളിലും വീടുകൾ പൂർണമായോ ഭാഗികമായോ തകർന്നിട്ടുണ്ട്. ഏലാ നിലങ്ങളിൽ വൻതോതിൽ കൃഷി നാശവും സംഭവിച്ചു. മരങ്ങൾ കടപുഴകി വീണ് വീട് തകരുകയും ആളുകൾക്ക് പരിക്കേൽക്കുകയും ഗതാഗതം തടസപ്പെടുകയും ചെയ്തിട്ടുണ്ട്.
കൊട്ടാരക്കര കിഴക്കേക്കര നിസാറിന്റെ വീടിനു മുകളിലേക്ക് അയൽവാസിയുടെ തെങ്ങ് പിഴുതു വീണ് വീട് തകർന്നു. വീട്ടിലുണ്ടായിരുന്ന നിസാറിന്റെ ഭാര്യ ഷാജിത (44), സഹോദരി ഷീബ (48) എന്നിവർക്ക് പരിക്കുപറ്റി. ഇരുവരെയും കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. 50000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. വെളിനല്ലൂർ രാമേലിൽ പുത്തൻവീട്ടിൽ ഗീതാകുമാരിയുടെ വീടിന്റെ അടുക്കളയുടെ ഭിത്തിയും മേൽക്കൂരയും തകർന്നു. കരീപ്ര കുടിക്കോട് ബാലചന്ദ്ര ഭവനിൽ വസന്തയുടെ അടുക്കള പൂർണമായി നശിച്ചു.
മേലില മൈലാടുംപാറ പുതിയേടത്ത് വീട്ടിൽ ശാരദയുടെ വീടിന്റെ മേൽക്കൂര നാമാവശേഷമായി. 35,000 രൂപയുടെ നഷ്ടമാണ് റവന്യു വകുപ്പ് കണക്കാക്കുന്നത്. ചടയമംഗലം വെള്ളൂപ്പാറ ഭൂതത്താൻകുന്ന് സ്നേഹഭവനിൽ ശ്രീദേവിയുടെ വീടിന്റെ അടുക്കള തകർന്നു. ശ്രീദേവിയുടെ മരണശേഷം പിതാവ് ഉപേക്ഷിച്ചു പോയ രണ്ടു പെൺകുട്ടികളാണ് ഇവിടെ താമസിച്ചു വരുന്നത്. ഡിഗ്രിക്കും പ്ലസ് ടൂവിനും പഠിക്കുന്ന കുട്ടികളെ ബന്ധുവീട്ടിലേക്ക് മാറ്റി.
കോട്ടുക്കൽ വില്ലേജിൽ മൂന്നു വീടുകളാണ് ഭാഗികമായി തകർന്നത്. ചേലപ്പള്ളി ജയഭവനിൽ വിജയമ്മ, മഞ്ഞപ്പാറ റസീന മൻസിൽ നൗഷാദ്, ചെലപ്പള്ളി റോഡുവിള പുത്തൻവീട്ടിൽ ശാന്ത എന്നിവരുടെ വീടുകൾക്കാണ് നാശനഷ്ടമുണ്ടായത്. മാവടി -കുളക്കട റോഡിൽ തെങ്ങുവിളമുക്കിനു സമീപം മരം റോഡിലേക്ക് കടപുഴകി വീണ് ഏറെ നേരം ഗതാഗതം തടസപ്പെട്ടു. നാട്ടുകാർ സംഘടിച്ചാണ് മരം വെട്ടിമാറ്റിയത്.
കിഴക്കൻ വനമേഖലയിൽ ശക്തമായ മഴ പെയ്യുന്നതിനാൽ കല്ലടയാറ്റിലെ ജലനിരപ്പ് അനുനിമിഷം ഉയർന്നു കൊണ്ടിരിക്കുകയാണ്. തീരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജലനിരപ്പ് ക്രമാതീതമായി ഉയർന്നാൽ വിവരം ജില്ലാ ഭരണകൂടത്തെ അറിയിക്കണമെന്നും അഭ്യർഥിച്ചിട്ടുണ്ട്.
ചാത്തന്നൂർ: തുടർച്ചയായി എട്ടു മണിക്കൂറിലേറെ രാത്രിയും പകലുമായി പെയ്ത മഴയിൽ ദേശീയപാത നദിയായി ഒഴുകി. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി വീടുകൾ തകർന്നു വീണു. വ്യാപകമായ കൃഷിനാശം ഉണ്ടായി.
ദേശീയ പാതയിൽ നിർമാണം നടന്നു കൊണ്ടിരിക്കുന്ന ചാത്തന്നൂർ, ശീമാട്ടി, കല്ലുവാതുക്കൽ, പാരിപ്പള്ളി ജംഗ്ഷനുകളിൽ വെള്ളം നിറഞ്ഞ് യാത്ര ദുരിതമായി. ചാത്തന്നൂർ തിരുമുക്കിൽ നിന്നും വാഹനങ്ങൾ വഴിതിരിച്ചു വിടാൻ പോലീസും സന്നദ്ധ പ്രവർത്തകരും നിർബന്ധിതരായി. രാവിലെ ഒമ്പത് ഓടെ വെള്ളക്കെട്ട് അല്പമെങ്കിലും കുറഞ്ഞതിന് ശേഷമാണ് ദേശീയപാതയിലൂടെയുള്ള ഗതാഗതം പുനസ്ഥാപിച്ചത്. കരിങ്കല്ലും മണ്ണും ഇടിഞ്ഞ് വീണും മരങ്ങൾ പിഴുത് വിണും വീട് തകർന്നു. ചിറക്കര ഗ്രാമ പഞ്ചായത്തിലെ ഒഴുകുപാറ വാർഡിൽ തൊടിയിൽ വീട്ടിൽ ഓമനയുടെ വിടാണ് തകർന്നത്. ഇനിയും മണ്ണിടിയാൻ സാധ്യത ഉള്ളതിനാൽ അടുത്തുള്ള മൂന്നു കുടുംബങ്ങളെ ഗ്രാമപഞ്ചായത്തംഗം രജനിഷിന്റെ നേതൃത്വത്തിൽമാറ്റി പാർപ്പിച്ചു. പോളച്ചിറ ബണ്ട് റോഡിലെ വശങ്ങളിൽ താമസിയ്ക്കുന്ന നിരവധി കുടുംബങ്ങൾ മണ്ണിടിച്ചിൽ ഭീഷണിയിലാണ്. പഞ്ചായത്ത് സെക്രട്ടറി സുനിൽ, പരവൂർ വില്ലേജ് ഓഫീസർ റോയി, സ്പെഷൽ വില്ലേജ് ഓഫിസർ സൂര്യ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു. നെടുങ്ങോലം എസ്എൻ പബ്ലിക് സ്കൂളിന് സമീപവും ഒരു വീട് തകർന്നു.
ചാത്തന്നൂർ താഴം ഏലായിൽ വെള്ളം കയറി വ്യാപകമായ കൃഷിനാശം ഉണ്ടായി. നൂറുകണക്കിന് വാഴകൾ ഒടിഞ്ഞു വീണു. മീനാട് പാലമുക്കിന് സമീപത്തെ ഏലായിൽ വെള്ളം നിറഞ്ഞ് വ്യാപകമായ കൃഷി നാശം ഉണ്ടായി. കുടുക്കറപണയിലെ വീടുകളിലും കല്ലുവാതുക്കൽ പഞ്ചായത്ത് ഓഫിസിന് എതിർ ഭാഗത്ത് ആശുപത്രി ഉൾപ്പെടെയുള്ള കെട്ടിടത്തിലും വീടുകളിലും വെള്ളം കയറി. താഴ്ന്ന പ്രദേശങ്ങളും ആ ഭാഗത്തെ വീടുകളും വെള്ളത്തിനടിയിലാണ്.
ചവറ: തുടർച്ചയായി മണിക്കൂറോളം പെയ്ത മഴയില്‍ ചവറ മണ്ഡലത്തില്‍ പലയിടത്തും വെള്ളം കയറി. ഇട റോഡുകളുടെ സമീപത്തെ ഓടകള്‍ കവിഞ്ഞ് ഒഴുകിയത് കാരണം യാത്രക്കാര്‍ക്ക് പോലും നടക്കാന്‍ പറ്റാത്തവസ്ഥയുണ്ടാക്കി. മരങ്ങൾ വീണ് ചിലയിടങ്ങളിൽ മതിലുകളും വീടും പൊളിഞ്ഞ് വീണു. തിങ്കളാഴ്ച അർധരാത്രി മുതൽ പെയ്തു തുടങ്ങിയ മഴയ്ക്ക് ഇന്നലെ ഉച്ചയോടെ അല്പം ശമനമുണ്ടായി.
ചവറ ഗ്രാമപഞ്ചായത്ത് പരിധിയിൽ ചവറ ബസ് സ്റ്റാൻഡിന് കിഴക്കുവശം കൊറ്റംകുളങ്ങര, തോട്ടിനു വടക്ക്, പഴഞ്ഞിക്കാവ് എന്നീ വാർഡുകളിൽ രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായി. നിരവധി വീടുകളിൽ വെള്ളം കയറി. ഓടകൾ കവിഞ്ഞൊഴുകി.
നീണ്ടകര പുത്തന്‍ തുറ പുത്തന്‍ പുരയില്‍ വീട്ടില്‍ മേരിയുടെ വീട് ചൊവാഴ്ച പുലര്‍ച്ചെ മഴയില്‍ പൂര്‍ണമായും തകര്‍ന്നു.ഏകദേശം ഒരു ലക്ഷം രൂപയുടെ നാശം ഉള്ളതായി കണക്കാക്കുന്നു. പന്മന പോരൂക്കര വാര്‍ഡില്‍ കാഞ്ഞിക്കല്‍ വീട്ടില്‍ ബാലകൃഷ്ണപിള്ളയുടെ വീടിന് മുകളില്‍ ആഞ്ഞിലി മരം വീണ് മുകളില്‍ ഇട്ടിരുന്ന ഷീറ്റ് ഭാഗീകമായി നശിച്ചു.ഏകദേശം 20000-രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുകാര്‍ പറഞ്ഞു. ചവറ ചെറുശേരി ഭാഗം അജയഭവനത്ത് ശാരദാമ്മയുടെ മതില് മഴയില്‍ പൂര്‍ണമായും തകര്‍ന്നു. ഏകദേശം ഒരു ലക്ഷം രൂപയോളം നഷ്ടം ഉള്ളതായി വീട്ടുകാര്‍ പറഞ്ഞു.
തേവലക്കര പഞ്ചായത്തില്‍ നടുവിലക്കര, അരിനല്ലൂര്‍, പാലയ്ക്കല്‍, മൊട്ടയ്ക്കല്‍ വാര്‍ഡുകളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. മൊട്ടയ്ക്കല്‍ വാര്‍ഡില്‍ 35- ഓളം വീടുകളിലും പാലയ്ക്കല്‍ വാര്‍ഡില്‍ 20- ഓളം വീടുകളിൽ വെള്ളം കയറിയ നിലയിലായിരുന്നു. അരിനല്ലൂര്‍ വാര്‍ഡിന്റെ കായലോര പ്രദേശങ്ങള്‍ വെള്ളം കയറി. ചവറ തെക്കുംഭാഗം അഞ്ചാം വാര്‍ഡില്‍ ബംഗ്ലാവില്‍ കോളനിയില്‍ മഴയില്‍ 15- ഓളം വീടുകളില്‍ വെള്ളം കയറി. ഈ പ്രദേശത്ത് ഓടകൾ അടഞ്ഞതുടർന്നാണ് വെള്ളം വീടുകളിലേക്ക് കയറിയത്. സംഭവം അറിഞ്ഞ് വില്ലേജ് ഓഫീസര്‍, തെക്കുംഭാഗം പോലീസ് എന്നിവരെത്തി നാട്ടുകാരുടെ സഹായത്തോടെ ഓടകള്‍ വൃത്തിയാക്കിയതിനെ തുടര്‍ന്ന് ഒരു പരിധി വരെ വെള്ളം വറ്റി. ഇന്നലെ ഉച്ചയ്ക്ക് 2.30- ഓടെ ലോട്ടറി വില്പന നടത്തുന്ന കാവിന്റെ പടീറ്റതില്‍ ശ്രീകുമാരിപിള്ളയുടെ അടുക്കളുടെ ഒരു ഭാഗം തകര്‍ന്നു.
ഈ സമയം ഇവര്‍ വീട്ടിലുണ്ടായിരുന്നില്ല. ചവറ മൂത്രാല് മുക്ക് കൃഷ്ണന് നട റോഡില്‍ തെങ്ങ് വീണ് വൈദ്യുത തൂണ് ഒടിഞ്ഞ് വീണതിനെ തുടര്‍ന്ന് ഏറെ നേരം വൈദ്യുതി നിലച്ചു. നീണ്ടകര പരിമണം സൗത്തില്‍ മൈനാഗം മുക്കിന് സമീപം പടിഞ്ഞാറേ ഭാഗം റോഡിലെ സമീപത്തെ വീടുകളില്‍ തോട്ടില്‍ നിന്നും വെള്ളം ഒഴുകി വീടുകള്‍ക്ക് ചുറ്റും വെള്ളക്കെട്ടായി മാറി. ചവറ തെക്കുംഭാഗത്ത് തേരുവിള മുക്കില്‍ നിന്നും ഒഴുകി വന്ന വെള്ളം ഊളന്‍ തടം ഭാഗം മുഴുവനും വെള്ളെക്കെട്ടിലായിരിക്കുകയാണ്. പന്മന പഞ്ചായത്തില്‍ ദുരിതാശ്വാസ ക്യാമ്പ് തുറക്കേണ്ടി വന്നാല്‍ അതിനുള്ള എല്ലാ ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ശക്തമായ മഴയിൽ മരങ്ങൾ ഒടിഞ്ഞുവീണു വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു വീഴുകയും വൈദ്യുത കമ്പികൾ പൊട്ടി വീഴുകയും ചെയ്തു.
നാട്ടുകാരുടെയും ഇലക്ട്രിസിറ്റി ജീവനക്കാരുടെയും സമയോചിതമായ ഇടപെടൽ കാരണം അപകടങ്ങൾ ഒഴിവായി. മഴ വീണ്ടും ശക്തമായാല്‍ പല പഞ്ചായത്തുകളിലും ഒന്നിലധികം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കേണ്ടുന്ന അവസ്ഥയുണ്ടാകും. റോഡുകളിൽ വെള്ളക്കെട്ട് രൂക്ഷമായതിനെത്തുടർന്ന് നിരവധി ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു. വെള്ളക്കെട്ടുള്ള സ്ഥലങ്ങളിൽ റവന്യൂ ഉദ്യോഗസ്ഥനും ജനപ്രതിനിധികളും സ്ഥലം സന്ദർശിച്ച് വിലയിരുത്തി.
ചവറ : കഴിഞ്ഞദിവസം പെയ്ത ശക്തമായ മഴയിൽ ഏറെ ദുരിതം പേറിയത് വൈദ്യുത ജീവനക്കാരാണ്. മഴയത്തും കാറ്റത്തും നിരവധി സ്ഥലങ്ങളിൽ ആണ് വൈദ്യുത തൂണുകളും കമ്പികളും ഒടിഞ്ഞുവീഴുകയും പൊട്ടി വീഴുകയും ചെയ്തത്.
മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ടു കാരണം വിവരം അറിഞ്ഞു സംഭവസ്ഥലത്ത് ജീവനക്കാർ ഏറെ ക്ലേശം സഹിച്ചാണ് എത്തുന്നത്. റോഡുകളിൽ ഉണ്ടായ വെള്ളക്കെട്ട് കാരണം ഇവർ വരുന്ന വാഹനങ്ങൾക്ക് അപകട സ്ഥലത്ത് എത്തുവാൻ കഴിയാത്ത സ്ഥിതിയായിരുന്നു. നിരവധി ജീവനക്കാരുടെ ഇരു ചക്രവാഹനങ്ങൾ കേടുപാട് സംഭവിച്ചു. പല ഇടറോഡുകളും വെള്ളക്കെട്ടിൽ ആയതോടുകൂടി വാഹനങ്ങൾ ഒതുക്കി വെച്ച ശേഷം വെള്ളക്കെട്ടിലൂടെ മീറ്ററുകൾ നടന്നാണ് അപകട സ്ഥലത്ത് എത്തിച്ചേർന്നത്.
പുനലൂര്‍ : മഴ കനത്തതോടെ കല്ലടയാറ്റിൽ ജലനിരപ്പുയർന്നു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കഴിഞ്ഞ ദിവസം രാത്രി ആരംഭിച്ച കനത്ത മഴയിലാണ് ജലനിരപ്പ് ഉയർന്നത്. കലങ്ങിമറിഞ്ഞൊഴുകുകയാണ് കല്ലടയാർ. ഏതാനും ദിവസമായി ജലനിരപ്പ് ഉയരുകയാണ്. അടിയൊഴുക്കും വര്‍ധിച്ചിട്ടുണ്ട്. 18.59 മീറ്ററാണ് പുനലൂര്‍ നെല്ലിപ്പള്ളിയില്‍ കേന്ദ്ര ജല കമ്മീഷന് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ ജലനിരപ്പ്.
പുനലൂര്‍ നഗരത്തിന്റെ മധ്യഭാഗത്തുകൂടി ഒഴുകുന്ന നദിയിൽ ശരാശരി 15 മീറ്ററാണ് സാധാരണ കേന്ദ്ര ജലകമ്മീഷന് രേഖപ്പെടുത്താറുള്ള ജലനിരപ്പ്. പുനലൂരില്‍ നിന്നും നാലുകിലോമീറ്റര്‍ അകലെ പേപ്പര്‍മില്ലിന് സമീപത്തെ തടയണ പുന:രുദ്ധരിച്ച ശേഷമാണ് ജലനിരപ്പ് ഈ സ്ഥിതിയില്‍ തുടരുന്നത്. മുമ്പ് ശരാശരി 14 മീറ്ററായിരുന്നു. കഴിഞ്ഞദിവസങ്ങളില്‍ മഴ കനത്തതോടെ ജലനിരപ്പ് 15.90 മീറ്റര്‍വരെ ഉയര്‍ന്നിരുന്നു.
കഴിഞ്ഞ രണ്ടുദിവസം കാര്യമായ മഴ ലഭിക്കാത്തതിനാലാണ് തിങ്കളാഴ്ച ജലനിരപ്പ് 15.69 മീറ്ററായി കുറഞ്ഞത്. തിങ്കളാഴ്ച ഒരു മില്ലീമീറ്ററും ശനിയാഴ്ച 5.8 മില്ലീമീറ്ററും മഴ മാത്രമേ കിഴക്കന്‍ മേഖലയില്‍ രേഖപ്പെടുത്തിയുള്ളൂ. ഇതേസമയം കഴിഞ്ഞയാഴ്ച 43 മില്ലീമീറ്റര്‍ വരെ മഴ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ആറ്റിലെ ജലനിരപ്പ് ഒരു മീറ്ററോളം ഉയര്‍ന്നത്. കാലവര്‍ഷം ആരംഭിക്കുന്നതോടെ ജലനിരപ്പ് ഇനിയും ഉയരും.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയത് ഭീഷണി ഉയർത്തുന്നുണ്ട്. മഴ കനത്താൽ പുനലൂർ - അഞ്ചൽ റോഡിൽ അടുക്കളമൂല ഭാഗത്തും മറ്റും വെള്ളം കയറാൻ സാധ്യതയുണ്ട്. കെഎസ്ആർടിസി ജംഗ്ഷനിലും വെള്ളം കയറാനുള്ള സാധ്യത കൂടുതലാണ്. അച്ചൻകോവിൽ മേഖലയിൽ മണ്ണിടിച്ചിൽ ഭീഷണിയുമുണ്ട്.
അഞ്ചല്‍ : ഇന്നലെ അര്‍ധരാത്രിമുതല്‍ ആരംഭിച്ച കനത്ത മഴ താഴന്ന പ്രദേശങ്ങളില്‍ ദുരിതം വിതയ്ക്കുന്നു. മഴ കൂടുതല്‍ ശക്തി പ്രാപിച്ചതോടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്.
കല്ലടയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കുളത്തുപ്പുഴ ചോഴിയക്കോട് മില്‍പ്പാലം ഭാഗത്ത് കൃഷിയിടങ്ങളില്‍ വെള്ളം കയറി. തീരത്തുള്ളവര്‍ക്ക് അധികൃതര്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. എംസി റോഡില്‍ വാളകം ഭാഗത്ത് പാതയിലേക്ക് വെള്ളം കയറി. ചില വ്യാപാര സ്ഥാപനങ്ങളിലേക്കും വെള്ളം കയറിയതോടെ വ്യാപാരികള്‍ ബുദ്ധിമുട്ടിലായി. ചില സ്ഥാപനങ്ങള്‍ തുറക്കാന്‍ കഴിയാതെയായി. എന്നാല്‍ ഗതാഗതം തടസം ഉണ്ടായിട്ടില്ല. അലയമണ്‍ പഞ്ചായത്തിലെ ആനക്കുളം മൂര്‍ത്തിക്കാവ് ഭാഗത്ത് മരം പിഴുതു വീണു മൂന്നു വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു. ഇതോടെ പ്രദേശത്തേക്കുള്ള വൈദ്യുതി ബന്ധം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്.
രാത്രി വൈകിയും വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. ഇവിടെ മരം വീണു പോസ്റ്റ് ഓടിഞ്ഞതറിയാതെ എത്തി ഒടിഞ്ഞ പോസ്റ്റില്‍ സ്കൂട്ടര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ അക്ഷയ ജീവനക്കാരിക്ക് പരിക്കേറ്റു.
ആനക്കുളം കറുകപള്ളില്‍ വീട്ടില്‍ അനീഷ അഗസ്റ്റിനാണ് പരിക്കേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ അനീഷയെ അഞ്ചലിലെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചു.
മീനുമായി എത്തിയ വാഹനങ്ങള്‍ ഉള്‍പ്പടെ ഇത്തരത്തില്‍ അപകടത്തില്‍പ്പെട്ടതായി നാട്ടുകാര്‍ അറിയിച്ചു. മഴയും കാറ്റും തുടരുമെന്ന മുന്നറിയിപ്പ് ഉള്ളതിനാല്‍ മലയോര മേഖലയിലൂടെയുള്ള യാത്രകള്‍ക്ക് ഉള്‍പ്പടെ അധികൃതര്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.