പ്രകൃതിയും വ്യക്തിയും ഒന്നിക്കുമ്പോ ഴാണ് സമൃദ്ധിയും സന്തോ ഷവും നിറയുന്നത്: അമൃതാനന്ദമയി
1416529
Monday, April 15, 2024 11:52 PM IST
കൊല്ലം: പ്രകൃതിയും വ്യക്തിയും ഈശ്വരനുമായി പരസ്പരം ബന്ധപ്പെട്ടതാണ് നമ്മുടെ ആഘോഷങ്ങളെന്നും ഈ മൂന്ന് ഘടകങ്ങളെയും ഐക്യത്തോടെ കൊണ്ടു പോകാനായാൽ സമൂഹത്തിൽ ശാന്തിയും സന്തോഷവും സമൃദ്ധിയും നിറയുമെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു. വേൾഡ് മലയാളി കൗൺസിലുമായി സഹകരിച്ച് മാതാ അമൃതാനന്ദമയി മഠം ലോകമെമ്പാടുമായി നടത്തുന്ന വിഷുത്തൈനീട്ടം പദ്ധതിയുടെ ഭാഗമായി വിഷുദിനത്തിൽ അമൃതപുരിയിൽ സംഘടിപ്പിച്ച ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു മാതാ അമൃതാനന്ദമയി.
ആത്മാവിനെപ്പറ്റി ബോധമുണ്ടാക്കുമ്പോൾ പ്രകൃതിയോടുള്ള കടമ നിർവഹിക്കാൻ നമ്മൾക്ക് സാധിക്കും. മനുഷ്യനെ ഉണർത്താൻ ബോധവത്കരണം ആവശ്യമാണെന്നും ഇതിനായി പ്രകൃതി സംരക്ഷണത്തിനുള്ള സന്ദേശങ്ങൾ ലോകമെമ്പാടും എത്തുകയാണെന്നും മാതാ അമൃതാനന്ദമയി കൂട്ടിച്ചേർത്തു. ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ ഭാരവാഹികൾക്കും അയുദ്ധ് അംഗങ്ങൾക്കും മാതാ അമൃതാനന്ദമയി വൃക്ഷത്തൈകൾ സമ്മാനിച്ചു.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, ഗ്ലോബൽ പ്രസിഡന്റ് തോമസ് മൊട്ടയ്ക്കൽ, ഗ്ലോബൽ വൈസ് പ്രസിഡന്റ് ഡോ.നടയ്ക്കൽ ശശി, ഗ്ലോബൽ അഡൈ്വസറി ബോർഡ് ചെയർമാൻ ടി.പി വിജയൻ, ഇന്ത്യ റീജിയൺ അധ്യക്ഷൻ ഡോ.ഡൊമിനിക് ജോസഫ് തുടങ്ങിയവർ ചടങ്ങിൽ പ്രസംഗിച്ചു.
‘അടുക്കളയ്ക്കൊരു ചെറുതോട്ടം, അരികിലൊരു മഴക്കുഴി' എന്ന സന്ദേശവുമായാണ് ഈ വർഷത്തെ വിഷുത്തൈനീട്ടം പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. നിരവധി രാജ്യങ്ങളിൽ വിഷുത്തൈനീട്ടം പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈകൾ വിതരണം ചെയ്യുന്നുണ്ട്. മലയാളി കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് പച്ചക്കറി തൈകളും വൃക്ഷത്തൈകളും ലഭ്യമാക്കുന്നത്.
പ്രകൃതിയോട് ആദരവും സ്നേഹവും വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് മാതാ അമൃതാനന്ദമയി മഠം 2015 ൽ വിഷുത്തൈനീട്ടം പദ്ധതിക്ക് തുടക്കം കുറിച്ചത്.