പൊള്ളലേറ്റ ഉത്സവ കമ്മിറ്റി കൺവീനർ മരിച്ച നിലയിൽ
1396725
Saturday, March 2, 2024 1:06 AM IST
ചാത്തന്നൂർ: കല്ലുവാതുക്കൽ തൊളിക്കോട് മാടൻനടയിലെ ഉത്സവ കമ്മിറ്റി കൺവീനറായിരുന്ന ആൾ മരിച്ച നിലയിൽ. കല്ലുവാതുക്കൽ ഇളംകുളം വലിയ വിളയിൽ രാജേന്ദ്രനാ (64)ണ് മരിച്ചത്.
ഉത്സവപറമ്പിലുണ്ടായിരുന്ന മാലിന്യങ്ങൾ കത്തിക്കുമ്പോൾ രാജേന്ദ്രനു പൊള്ളലേൽക്കുകയും തീ അടുത്ത പറമ്പിലെ റബർ തോട്ടത്തിലേയ്ക്ക് പടരുകയും ചെയ്തു. രാജേന്ദ്രന്റെ പൊള്ളൽ സാരമുള്ളതായിരുന്നില്ല, നാട്ടുകാർ കൂടി തീ അണയ്ക്കുകയും ചെയ്തു.
എന്നാൽ പതിവ് സമയം കഴിഞ്ഞിട്ടും രാത്രി രാജേന്ദ്രൻ വീട്ടിലെത്താതിരുന്നതിനെ തുടർന്ന് ബന്ധുക്കൾ തെരച്ചിൽ നടത്തിയിരുന്നു. രാജേന്ദ്രനെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നലെ രാവിലെ റബർ തോട്ടത്തിലാണ് മരിച്ചു കിടക്കുന്നത് കണ്ടത്. മൃതദേഹത്തിന്റെ മുഖത്തും തലയിലും മുറിവുകളുണ്ടായിരുന്നു.
ബന്ധുക്കൾ മരണത്തിൽ ദുരുഹതസംശയിക്കുന്നു. ഭാര്യ: സുധാമണി. മക്കൾ: രതീഷ്, സീന. പാരിപ്പള്ളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയാറാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പാരിപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.