ഡോക്ടറുടെ അനാസ്ഥയെന്ന്; പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രതിഷേധം
1394111
Tuesday, February 20, 2024 5:06 AM IST
പുനലൂർ : ഡോക്ടറുടെ അനാസ്ഥയെത്തുടർന്ന് രോഗി അവശനിലയിലായെന്ന് ആരോപിച്ച് ബിജെപി നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം വൈകുന്നേരം 5.30 ന് ബൈക്ക് മറിഞ്ഞ് അപകടത്തിൽപ്പെട്ട മഹിളാമോർച്ച മണ്ഡലം ജനറൽ സെക്രട്ടറി കൂടിയായ ശാസ്താംകോണം സ്വദേശിയായ ഗ്രീഷ്മ കൃഷ്ണയെ ഡ്യൂട്ടി ഡോക്ടർ പരിശോധിക്കുകയും തുടർന്ന് ഹോസ്പിറ്റൽ ലാബിൽ നിന്ന് എക്സ്റേ എടുപ്പിക്കുകയും ചെയ്തു.
എക്സ്റേ പരിശോധിച്ച ശേഷം ഡ്യൂട്ടി ഡോക്ടർ യാതൊരു കുഴപ്പവുമില്ല എന്നു പറഞ്ഞു കുറച്ചു ഗുളികകൾ എഴുതി കൊടുക്കുകയും ചെയ്തു. എന്നാൽ ഈ സമയം ഗ്രീഷ്മ കൃഷ്ണ യുടെ കൈയിൽ നീരുണ്ടാകുകയും അസഹ്യമായ വേദന അനുഭവപ്പെടുകയും ചെയ്തു. അവർ വീണ്ടും എക്സ്റേ പരിശോധിക്കാൻ ആവശ്യപ്പെട്ടപ്പോൾ വീണതിന്റെ ആണ് വേദന എന്നും രണ്ടുദിവസം കഴിഞ്ഞാൽ മാറും എന്നും ഡ്യൂട്ടി ഡോക്ടർ പറഞ്ഞു വിട്ടു.
എന്നാൽ എക്സറേ ടെക്നീഷ്യൻ കൂടിയായ ഗ്രീഷ്മ കൃഷ്ണ എക്സറേയിൽ പതിഞ്ഞ പൊട്ടൽ കാണിച്ചപ്പോൾ ഡോക്ടർ അത് ഫിലിമിന്റെ തകരാർ ആണെന്ന് പറഞ്ഞു. തുടർന്ന് ഗ്രീഷ്മ അടുത്തുള്ള സ്വകാര്യ സ്കാനിംഗ് സെന്ററിൽ പോയി വീണ്ടും എക്സറേ എടുക്കുകയും അവിടുത്തെ ടെക്നീഷ്യന്റെ നിർദേശപ്രകാരം പുറത്തുള്ള ഒരു ഡോക്ടറെ കാണിക്കുകയും ഡോക്ടർ ഈ രണ്ട് എക്സ്റേയും പരിശോധിച്ച ശേഷം രണ്ടിലും പൊട്ടൽ പതിഞ്ഞെന്നു പറയുകയും ചെയ്തു. തുടർന്ന് കൈയിൽ പ്ലാസ്റ്ററിടുകയും പൊട്ടൽ വലുതായതിനാൽ ചിലപ്പോൾ സർജറി വേണ്ടിവരുമെന്ന് നിർദേശിക്കുകയും ചെയ്തു.
ചികിത്സാ വിഷയത്തിൽ അനാസ്ഥ കാട്ടുന്ന ഡോക്ടർമാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നേതൃത്വത്തിൽ ആശുപത്രിയിൽ പ്രതിഷേധവും സംഘടിപ്പിച്ചു. ഹോസ്പിറ്റലിൽ എത്തുന്ന സാധാരണക്കാരായ രോഗികൾക്ക് തെറ്റായ വിവരം നൽകി അവരെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം അനാസ്ഥ അവസാനിപ്പിക്കണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. യുവമോർച്ച പുനലൂർ മണ്ഡലം പ്രസിഡന്റ് സുബീഷ് സുരേന്ദ്രന്റെ നേതൃത്വത്തിൽ പുനലൂർ ഗവ.ഹോസ്പിറ്റലിൽ മുന്നിൽ യുവമോർച്ച, ബിജെപി പ്രവർത്തകർ ഗ്രീഷ്മ കൃഷ്ണയോടൊപ്പം പ്രതിഷേധ പ്രകടനം നടത്തി .
തുടർന്ന് പാർട്ടി പുനലൂർ മണ്ഡലം പ്രസിഡന്റ് രഞ്ജിത്ത് പരവട്ടത്തിന്റെ നേതൃത്വത്തിൽ ഹോസ്പിറ്റൽ സൂപ്രണ്ടിന്റെ താൽക്കാലിക ചുമതല വഹിക്കുന്ന ഡോക്ടറുമായി ചർച്ച നടത്തുകയും തെറ്റായ നിർദേശം നൽകിയ ഡ്യൂട്ടി ഡോക്ടർക്ക് എതിരെ അന്വേഷിച്ച് നടപടിയെടുക്കാമെന്ന് ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിൽ സമരം അവസാനിപ്പിക്കുകയും ചെയ്തു.