അഞ്ചലിൽ ഭാര്യാ സഹോ ദരിയെ തലയ്ക്കടിച്ചു കൊ ലപ്പെടുത്തിയ കേസ്; പ്രതിക്ക് ജീവപര്യന്തം
1374581
Thursday, November 30, 2023 1:00 AM IST
അഞ്ചല്‍ : വസ്തു തര്‍ക്കത്തെ തുടര്‍ന്ന് ഭാര്യാ സഹോദരിയെ തലക്കടിച്ചു ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ജീവപര്യതം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.
അഞ്ചല്‍ അഗസ്ത്യക്കോട് സ്മിതാ ഭവനില്‍ ബാഹുലേയന് (67) നെയാണ് കൊല്ലം ഒന്നാം ക്ലാസ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി പി.എന്‍ വിനോദ് ശിക്ഷിച്ചത്. അഗസ്ത്യക്കോട് കുട്ടന്‍കുന്നില്‍ വീട്ടില്‍ വത്സല (50) ആണ് കൊല്ലപ്പെട്ടത്. 2017 നവംബറിലാണ് കേസിനാസ്പദമായ സംഭവം.
കൊല്ലപ്പെട്ട വത്സലക്ക് സഹോദരന് അശോകന് അഞ്ച് സെന്റ്വസ്തു നല്‍കിയിരുന്നു. ഈ വസ്തു വത്സല കൈകാര്യം ചെയ്തുവരുന്നതത്തില് പ്രതി ബാഹുലേയന് പലപ്പോഴും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. സംഭവ ദിവസവും വത്സലയും ബഹുലേയനും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും ഇതിനെ തുടര്‍ന്ന് കമ്പി പാര ഉപയോഗിച്ച് വത്സലയുടെ തലക്ക് അടിച്ചു കൊലപ്പെടുത്തുകയും ആയിരുന്നു.
തടയാന്‍ എത്തിയ വത്സലയുടെ ഏകമകന് അഖില്‍ സുരേന്ദ്രനേയും ഇയാള്‍ ആക്രമിച്ചു. സംഭവത്തെ തുടര്‍ന്ന് ബാഹുലേയന് അഞ്ചല്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയും വത്സലയെ കൊലപ്പെടുത്തിയെന്ന് സമ്മതിക്കുകയും ചെയ്തിരുന്നു.
തലയ്ക്ക് ഏറ്റ പതിനാറോളം മാരകമായ മുറിവാണ് മരണത്തിനു കാരണമെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് സൂചിപ്പിച്ചിരുന്നു. തുടര്‍ന്ന് അന്ന് അഞ്ചല്‍ പോലീസ് സ്റ്റേഷന് അധിക ചുമതല വഹിച്ചിരുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എസ്. സാനിയാണ് പ്രതിയെ അറസ്റ്റ് ചെയ്ത് പ്രാഥമിക അന്വേഷണം പൂര്‍ത്തീകരിച്ചത്. പിന്നീട് എത്തിയ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ പി.എസ് വിനോദ് കുമാര്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. ഏക സാക്ഷി മകന് അഖില്‍, വത്സലയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ടര്‍ എന്നിവരുടെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്.
പത്തൊന്‍പതോളം സാക്ഷികളെയാണ് പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കിയത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ സിസിന് ജി മുണ്ടയ്ക്കലാണ് കോടതിയില്‍ ഹാജരായത്.