കശുവണ്ടി തൊ ഴിലാളി കൂലി ചർച്ച തീരുമാനമായില്ല; തുടർ ചർച്ച അഞ്ചിന്
1373954
Monday, November 27, 2023 11:39 PM IST
കൊല്ലം: കശുവണ്ടി തൊഴിലാളികളുടെ കൂലി വർധന സംബന്ധിച്ച് ലേബർ കമ്മീഷണറുടെ ഓഫീസിൽ നടന്ന ചർച്ച പൂർണ തീരുമാനത്തിലേക്ക് എത്തിയില്ല.
കൂലി വർധിപ്പിച്ചു നൽകുന്ന കാര്യത്തിൽ കാഷ്യൂ കോർപറേഷന്റേയും കാപെക്സിന്റേയും പ്രതിനിധികളും സ്വകാര്യ വ്യവസായികൾ ആയിട്ടുള്ള ആളുകളും യോജിപ്പ് പ്രകടിപ്പിച്ചു.
എന്നാൽ യൂണിയനുകൾ ആവശ്യപ്പെടുന്ന നിലയിലുള്ള വർധന ചർച്ചയിലൂടെ ഉയർന്നുവന്നില്ല. സർക്കാർ നിലപാട് കശുവണ്ടി തൊഴിലാളികൾക്ക് കൂലി വർധിപ്പിച്ച് നൽകണമെന്നതാണെന്ന് ലേബർ കമ്മീഷണർ യോഗത്തെ അറിയിച്ചു. തുടർന്ന് ഉഭയകക്ഷി ചർച്ചയ്ക്കും പൊതു ചർച്ചയ്ക്കുമായി ഡിസംബർ അഞ്ചിലേക്ക് യോഗം മാറ്റിവെച്ചു.
ലേബർ കമ്മീഷണർ യോഗം വിളിച്ച പശ്ചാത്തലത്തിൽ യൂണിയനുകൾ പണിമുടക്ക് നോട്ടീസ് നൽകാതെ ആലപ്പുഴ ജില്ലയിലെ ചില ഫാക്ടറികളിൽ നടന്ന പണിമുടക്ക് അംഗീകൃത യൂണിയനുകൾ അല്ല എന്ന് യോഗത്തിൽ പങ്കെടുത്ത എല്ലാ ട്രേഡ് യൂണിയനുകളിലെയും പ്രതിനിധികൾ അഭിപ്രായപ്പെട്ടു
പണിമുടക്കുന്ന തൊഴിലാളികൾ കശുവണ്ടി പരിപ്പ് നഷ്ടപ്പെടുത്തി കാഷ്യൂ കോർപറേഷന് ഭീമമായ നഷ്ടം വരുത്തി വയ്ക്കാൻ ഇടവരുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടരുതെന്ന് യോഗം തൊഴിലാളികളോട് അഭ്യർഥിക്കാൻ നിശ്ചയിച്ചു. ട്രേഡ് യൂണിയൻ പ്രതിനിധികളും മാനേജരും ഒപ്പിട്ട പ്രമേയത്തിലൂടെ തൊഴിലാളികളെ വിവരമറിയിക്കാനും തീരുമാനമെടുത്തു.