മണിയാർ സ്കൂളിലെ ചരിത്ര വസ്തുക്കളുടെ പ്രദർശനവും മ്യൂസിയം തയാറാക്കലും ശ്രദ്ധേയം
1339768
Sunday, October 1, 2023 11:01 PM IST
പുനലൂർ: മണിയാർ ഗവ. യു പി സ്കൂളിന്റെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സ്കൂളിൽ നടന്ന ചരിത്ര വസ്തുക്കളുടെ പ്രദർശനവും ചരിത്ര മ്യൂസിയം തയാറാക്കലും പഠന ക്ലാസും ശ്രദ്ധേയമായി.
പിടിഎ പ്രസിഡന്റ് എസ് .അരുൺകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പുനലൂർ നഗരസഭ ചെയർപേഴ്സൺ ബി .സുജാത ഉദ്ഘാടനം നിർവഹിച്ചു.
മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനോയ് രാജൻ മുഖ്യപ്രഭാഷണം നടത്തി.മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ കെ. കനകമ്മ ചുവർ പത്രം പ്രകാശനം ചെയ്തു.അഷ്ടമംഗലം വാർഡ് കൗൺസിലർ എസ്. പൊടിയൻപിള്ള പുനലൂർ എ ഇ ഒ ഡി. അജയകുമാർ , കെ .ദയാനന്ദൻ, മുരുകൻ കേളങ്കാവ് എന്നിവർ പ്രസംഗിച്ചു .അടൂർ ശിലാ മ്യൂസിയം ഡയറക്ടർ ശിലാ സന്തോഷ് കുട്ടികൾക്കായി ക്ലാസ് നയിച്ചു.
വർഷങ്ങളായി ചരിത്രശേഷിപ്പുകൾ സൂക്ഷിക്കുകയും സമൂഹത്തിനും കുട്ടികൾക്കും ചരിത്രശേഷിപ്പുകൾ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള ധാരണ പ്രതിഫലേച്ഛയില്ലാതെ നടത്തുകയും ചെയ്യുന്ന, സ്കൂളിലെ പ്രദർശനത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുത്ത ശിലാ സന്തോഷ്, പത്തനാപുരം മന്മഥൻ, കരവാളൂർ ശശിധരൻ പിള്ള എന്നിവർക്ക് ചടങ്ങിൽ ആദരവ് നൽകി. ചരിത്ര പ്രദർശനത്തിൽ കേരളത്തിന്റെ കാർഷിക സാമൂഹിക ചരിത്രം വെളിവാക്കുന്ന നിരവധി പുരാവസ്തുക്കൾ പ്രദർശിപ്പിച്ചു.
പ്രദർശനത്തിന്റെ ഭാഗമായി പഴയകാല കളി ഉപകരണമായ പല്ലാംകുഴി ശില സന്തോഷ് പരിചയപ്പെടുത്തി.
കലപ്പ , നുകം, മരം, പറ, ചങ്ങഴി, നാഴി , ഉരി, തുടം , മൺകുടം ,ചാറ ആമാടപ്പെട്ടി ,ചെല്ലപ്പെട്ടി, ഉരൽ, അരിപ്പെട്ടി,പഴയകാല നാണയങ്ങൾ, നോട്ടുകൾ, അടുക്കള ഉപകരണങ്ങൾ, വിളക്കുകൾ, പത്രങ്ങൾ, സ്റ്റാമ്പുകൾ കോളാമ്പി, ഗ്രാമഫോൺ, ആവണിപ്പലക,ചർക്ക തുടങ്ങി കുട്ടികൾക്കും രക്ഷിതാക്കൾക്കും പരിചയമുള്ളതും പരിചിതമല്ലാത്തതുമായ ഒട്ടനവധി ചരിത്രശേഷിപ്പുകളുടെ അപൂർവപ്രദർശനമായിരുന്നു സ്ക്കൂളിൽ സജ്ജമാക്കിയത്.