ആര്യങ്കാവില്‍ തോട്ടത്തില്‍ നിന്നും ചന്ദനമരം മുറിച്ചു കടത്തിയ വനം കൊള്ളക്കാരന് നകുലന് പിടിയില്‍
1338802
Wednesday, September 27, 2023 11:19 PM IST
ആര്യങ്കാവ് : ആര്യങ്കാവില്‍ വനം വകുപ്പിന്റെ അധീനതയിലുള്ള കടമാന്‍പാറ സ്വാഭാവിക ചന്ദനതോട്ടത്തില് നിന്നും ചന്ദന മരം മുറിച്ചു കടത്തിയ കേസില്‍ ഒരാള്‍ പിടിയില്‍.
തിരുവനന്തപുരം മുട്ടത്തറ സ്വദേശി നകുലനെയാണ് ആര്യങ്കാവ് റേഞ്ച് ഫോറസ്റ്റ് അധികൃതര്‍ കഴിഞ്ഞ ദിവസം പിടികൂടിയത്. ഒരുമാസം മുമ്പ് തോട്ടത്തില്‍ നിന്നും മുറിച്ചു കടത്തിയ രണ്ടു ചന്ദനമരങ്ങളെ കുറിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് പ്രതിയായ നകുലനെ വനം വകുപ്പ് പിടികൂടുന്നത്. ഇയാളില്‍ നിന്നും 14 കഷ്ണങ്ങള്‍ ആക്കിയ നിലയില്‍ ഇരുപതുകിലോയോളം ചന്ദനത്തടി കണ്ടെടുത്തു.
ചന്ദനതടി മുറിച്ചു കടത്തുന്ന തമിഴ്നാട് കർകുടി ലോബിയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും കേരളത്തിൽ തിരിച്ചെത്തുന്ന ചന്ദനതടി കൊത്തുപണി ചെയ്തു വിൽക്കുന്ന സംഘത്തിലെ പ്രധാനിയാണ് നകുലൻ എന്നും റേഞ്ച് ഓഫീസര്‍ വിപിന്‍ പറയുന്നു.
വനം കുറ്റകൃത്യങ്ങള്‍ ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണ് നകുലന്. 127 ഹെക്ടർ സ്വാഭാവിക ചന്ദന തോട്ടത്തിൽ നിരവധി മോഷണ കേസുകൾ ആണ് വർഷംതോറും റിപ്പോർട്ട് ചെയ്യുന്നത്. കൂടുതൽ പ്രതികളും തമിഴ്നാട്ടിൽ ആയത് വനം വകുപ്പിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.