മൺട്രോതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരേയുള്ള എൽഡിഎഫിന്റെ അവിശ്വാസ പ്രമേയം തള്ളി
1336581
Monday, September 18, 2023 11:46 PM IST
കുണ്ടറ. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാറിനെതിരെയുള്ള എൽഡിഎഫ് അവിശ്വാസ പ്രമേയം തള്ളി. 13 അംഗ പഞ്ചായത്ത് സമിതിയിൽ കോറം തികയാത്തതു കാരണമാണ് അവിശ്വാസപ്രമേയം ചർച്ചയ്ക്ക് എടുക്കാതെ തള്ളിയത്.
കോറം തികയാൻ ചട്ടപ്രകാരം ഏഴ് അംഗങ്ങൾ ഉണ്ടാവണം. യുഡിഎഫ് അഞ്ച് എൽഡിഎഫ് അഞ്ച് ബിജെപി മൂന്ന് എന്നിങ്ങനെയാണ് കക്ഷിനില. ചിറ്റുമല ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ സക്കീർ ഹുസൈനാണ് അവിശ്വാസ പ്രമേയ ചർച്ചാനടപടികൾ നിയന്ത്രിച്ചത് .
ചർച്ചയ്ക്ക് സമയമായപ്പോൾ എൽഡിഎഫിലെ അഞ്ച് അംഗങ്ങൾ മാത്രമേ ഹാളിൽ ഉണ്ടായിരുന്നുള്ളൂ. യുഡിഎഫിലെ അഞ്ചുപേരും ബിജെപിയിലെ മൂന്ന് പേരുംഅവിശ്വാസ പ്രമേയ ചർച്ചയ്ക്ക് ഹാജരായില്ല. എൽഡിഎഫിലെ എസ് അനിൽ, കെ മോഹൻകുമാർ, ആർ അനീറ്റ, സോഫിയ പ്രകാശ്, മായാ നെപ്പോളിയൻ എന്നീ 5 അംഗങ്ങളാണ് അവിശ്വാസ പ്രമേയ ചർച്ചയിൽ പങ്കെടുക്കാൻ ഹാജരായത്.
കോറം തികയാത്ത കാരണത്താൽ അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കാതെ തള്ളുകയായിരുന്നു.
തുടർന്ന് യുഡിഎഫ് പ്രവർത്തകർ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ആഹ്ലാദപ്രകടനം നടത്തി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വൈ. ഷാജഹാൻ, കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ്, കോൺഗ്രസ് മൺട്രോത്തുരുത്ത് മണ്ഡലം പ്രസിഡന്റ് ജയൻ ഐശ്വര്യ, മുൻ മണ്ഡലം പ്രസിഡന്റ് സുരേഷ് ബാബു, യൂത്ത് കോൺഗ്രസ് മൺട്രോത്തുരുത്ത് മണ്ഡലം പ്രസിഡന്റ് അഖിൽ, മൺറോതുരുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ, കോൺഗ്രസ് നേതാക്കന്മാർ, യുഡിഎഫ് പ്രവർത്തകർ പഞ്ചായത്ത് അംഗങ്ങളായ സുശീല, പ്രമീള പ്രകാശ്, വിഎസ് പ്രസന്നകുമാർ, ടി ജയപ്രകാശ് എന്നിവർആഹ്ലാദപ്രകടനത്തിന് നേതൃത്വം കൊടുത്തു