ക്രമസമാധാനം ഉറപ്പാക്കണം: ജില്ലാ കളക്ടര്‍
1301145
Thursday, June 8, 2023 11:21 PM IST
കൊല്ലം: ജില്ലയില്‍ ഇന്നുമുതല്‍ ആരംഭിക്കുന്ന ട്രോളിംഗ് നിരോധനവുമായി ബന്ധപ്പെട്ട് തീരദേശ മേഖലയിലെ ക്രമസമാധാന പരിപാലനം ഉറപ്പാക്കാന്‍ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റായ സബ് കളക്ടര്‍ക്കും എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാരായ കൊല്ലം, കരുനാഗപ്പള്ളി തഹസില്‍ദാര്‍മാര്‍ക്കും ചുമതല നല്കി ജില്ലാ കളക്ടര്‍ ഉത്തരവായി. ഇന്ന് അര്‍ധരാത്രി മുതല്‍ ജൂലൈ 31 വരെയാണ് ട്രോളിംഗ് നിരോധനം.
തീരദേശ മേഖലയായ നീണ്ടകര, തങ്കശേരി, അഴീക്കല്‍ തുറമുഖകളില്‍ യന്ത്രവത്കൃത മത്സ്യബന്ധനയാനങ്ങള്‍ക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ 52 ദിവസത്തേക്കാണ് നിരോധനം. ഈ പോര്‍ട്ടുകള്‍ പ്രസ്തുത ദിവസങ്ങളില്‍ അടച്ചിടും. ഇന്‍ബോര്‍ഡ് വള്ളങ്ങള്‍ ഉള്‍പ്പെടെ പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് നീണ്ടകര ഹാര്‍ബര്‍ തുറന്നുകൊടുക്കും.
നദീമുഖത്തും അഷ്ടമുടിക്കായലിന്റെ കിഴക്കന്‍ തീരങ്ങളിലും ഇരുകരകളിലായുള്ള സ്വകാര്യ ജെട്ടികള്‍/ വാര്‍ഫുകളുടെ ഉടമകള്‍/ ഓപ്പറേറ്ററുമാര് മത്സ്യബന്ധനം നടത്തുന്ന യന്ത്രവത്കൃത മത്സ്യബന്ധന യാനങ്ങള്‍ക്ക് ലാന്‍ഡിംഗ് സൗകര്യം നല്‍കരുത്.
മത്സ്യഫെഡിന്റെ തിരഞ്ഞെടുത്ത ഇന്ധന പമ്പുകള്‍ ഒഴികെ നീണ്ടകര, ശക്തികുളങ്ങര, ആലപ്പാട്, അഴീക്കല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ധന പമ്പുകളുടെ ഉടമകള്‍/ഓപ്പറേറ്റര്‍മാര്‍ എന്നിവര്‍ക്ക് ഇന്ധന ബങ്കുകള്‍ അടച്ചിടാനും ഒരു തരത്തിലുമുള്ള ഇന്ധനങ്ങള്‍ ജൂലൈ 28 വരെ വില്‍ക്കരുതെന്നും നിര്‍ദേശം നല്കി. ട്രോളിംഗ് നിരോധന കാലയളവിലെ അവസാന മൂന്ന് ദിവസങ്ങളിലെ ഇന്ധന നിരോധനം ഒഴിവാക്കിയിട്ടുണ്ട്. അനധികൃത ഇന്ധന വില്പന നടക്കുന്നില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസറും ജില്ലാ പോലീസ് മേധാവിയും ഉറപ്പാക്കണം. നാളെമുതല്‍ ജൂലൈ 28 വരെ കാനുകള്‍, ബോട്ടിലുകള്‍ തുടങ്ങിയവയില്‍ ഇന്ധനം വില്‍ക്കരുത്.
അയല്‍സംസ്ഥാനങ്ങളിലെ ഫിഷിങ് ബോട്ടുകള്‍ ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതിന് മുമ്പ് കൊല്ലം തീരം വിട്ടതായി ഉറപ്പാക്കണം. മേല്പറഞ്ഞ നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ ജില്ലാ പോലീസ് മേധാവി, പോര്‍ട്ട് ഓഫീസര്‍, മറൈന്‍ എന്‍ഫോഴ്സ്മെന്റ്, കോസ്റ്റര്‍ പോലീസ്, ജില്ലാ സപ്ലൈ ഓഫീസര്‍, മത്സ്യഫെഡ് ജില്ലാ മാനേജര്‍ തുടങ്ങിയവര്‍ക്ക് നിര്‍ദേശം നല്കി. സര്‍ക്കാര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കുന്നതിന് ഡി ഡി ഫിഷറീസിനെ ചുമതലപ്പെടുത്തി.