ഓണമ്പലം-ഇടിയക്കടവ് തീരദേശ റോഡ് നിർമാണം പാതി വഴി ഉപേക്ഷിച്ചു
1300897
Wednesday, June 7, 2023 11:45 PM IST
കുണ്ടറ: കിഴക്കേകല്ലട മൺറോ തുരുത്ത് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഓണമ്പലം ഇടിയക്കടവ് തീരദേശ റോഡ് നിർമാണം പാതിവഴി ഉപേക്ഷിച്ചതായി നാട്ടുകാരുടെ പരാതി.
തീരദേശ വാസികളായ നാട്ടുകാർക്ക് വളരെ പ്രയോജനപ്പെടുന്ന റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ട് വർഷങ്ങളായി.
ഹാർബർ വകുപ്പിന്റെ നിയന്ത്രണത്തിൽ ആരംഭിച്ച റോഡിന്റെ പ്രവർത്തനങ്ങൾ പേരയം പഞ്ചായത്തിൽ പോലുംപൂർത്തീകരിച്ചിട്ടില്ല. വളരെ അധികം ടൂറിസം സാധ്യത ഉള്ളതും നിലവിലുള്ള റോഡിന് സമാന്തരമായി ഭാവിയിൽ ഉപയോഗിക്കാവുന്നതും പ്രദേശത്തിന് വളരെ വികസന സാധ്യത ഉള്ളതുമായ ഈ റോഡിന്റെ നിർമാണം ഉപേക്ഷിക്കാൻ ഇടയായ സാഹചര്യം അന്വേഷിച്ച് നിർമാണം പുനരാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്നആവശ്യം ശക്തമായി. റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ചില ഭാഗങ്ങളിൽ വസ്തു നഷ്ടപ്പെടുന്ന ദരിദ്ര മത്സ്യ തൊഴിലാളികൾക്കും മറ്റുള്ളവർക്കും നഷ്ടപരിഹാരം നൽകാൻ അധികൃതർ തയാറാകേണ്ടതുണ്ട്.
ഫിഷറീസ്ഹാർബർ ഡിപ്പാർട്ട്മെന്റുകൾ അടിയന്തര നടപടി സ്വീകരിച്ച് തീരദേശ റോഡ് നിർമാണം പൂർത്തീകരി്ക്കാൻ തയാറാകണമെന്ന് ജില്ലാ വികസന സമിതി അംഗം എബ്രഹാം സാമുവല്‍ ആവശ്യപ്പെട്ടു.