ഡോ.ഉണ്ണികൃഷ്ണന്റെ സ്ഥലംമാറ്റ ഉത്തരവ് പിൻവലിക്കാൻ ഉപരോധസമരം നടത്തി
1299877
Sunday, June 4, 2023 6:52 AM IST
കുണ്ടറ : കുണ്ടറ താലൂക്ക് ആശുപത്രി ഗൈനക്കോളജിസ്റ്റ് ഡോ.ഉണ്ണികൃഷ്ണന്റെ ചാലക്കുടിയിലേക്കുള്ള സ്ഥലം മാറ്റ ഉത്തരവ് പിൻവലിക്കണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന നിർവാഹക സമിതി അംഗം അനീഷ് പടപ്പക്കര ആവശ്യപ്പെട്ടു.
യൂത്ത് കോൺഗ്രസ് പേരയം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ ജനപ്രതിനിധികളും യൂത്ത് കോൺഗ്രസ് പ്രവർത്തകരും കുണ്ടറ താലൂക്ക് ആശുപത്രിക്ക് മുന്നിൽ നടത്തിയ ഉപരോധ സമരം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കരട് സ്ഥലം മാറ്റ ലിസ്റ്റിൽ പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് നിയമനം നടത്തുമെന്നാണ് പറഞ്ഞിരുന്നത്. അന്തിമ ലിസ്റ്റിൽ തൃശൂർ ജില്ലയിലേക്ക് സ്ഥലംം മാറ്റിയതിനു പിന്നിൽ സ്വകാര്യ ആശുപത്രി ലോബികളുടെ ഇടപെടൽ ഉണ്ടോ എന്ന് സംശയമുണ്ട്. ഇതിനെതിരെ ശക്തമായ സമര പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി.
കഴിഞ്ഞ ഒന്നര വർഷം മുൻപും ഇത്തരത്തിൽ സ്ഥലം മാറ്റാൻ നീക്കമുണ്ടായിരുന്നു. അന്ന് പി.സി. വിഷ്ണുനാഥ് എംഎൽഎയുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവന്നിരുന്നു. തുടർന്ന് എംഎൽഎ ആരോഗ്യ വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഉത്തരവ് പിൻവലിക്കാൻ വിസമ്മതം പ്രകടിപ്പിച്ചപ്പോൾ ആശുപത്രിക്ക് മുന്നിൽ റോഡ് ഉപരോധിക്കുമെന്ന് എംഎൽഎ അറിയിച്ചതിനെ തുടർന്നാണ് ഉത്തരവ് മരവിപ്പിച്ചത്.
നിരന്തരമായി സ്ഥലംമാറ്റനീക്കം നടന്നു വരുന്നതിന്റെ തെളിവാണിത്. വന്ധ്യത ചികിത്സ രംഗത്ത് ലക്ഷങ്ങൾ ഫീസ് വാങ്ങുന്ന സ്ഥാപനങ്ങൾക്കെല്ലാം വെല്ലുവിളിയായി കുണ്ടറ താലൂക്ക് ആശുപത്രി മാറിയതിനു പിന്നിൽ അസ്വസ്ഥതയുള്ളവരുടെ ഒരു ലോബി തന്നെ ഇതിനു പിന്നിലുണ്ടെന്ന് സംശയമുണ്ടെന്നും സമരക്കാർ ആരോപിച്ചു. യൂത്ത് കോൺഗ്രസ് പേരയം മണ്ഡലം വൈസ് പ്രസിഡന്റ് വൈശാഖ് പടപ്പക്കര അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ബി.സുരേഷ്, ബി. സ്റ്റാഫോർഡ് , എൻ. ഷേർളി, ലത ബിജു, യൂത്ത് കോൺഗ്രസ് നേതാക്കളായ മനു സോമൻ , നിതിൻ പേരയം, അഖിൽ ക്ലീറ്റസ്, വിജിൻ വില്യം, സുജിത്ത്, വിനീത് മേരിദാസൻ, അതുൽ ബോസ്കോ, ലിജിൻ , ഷാരോൺ, വിജീഷ് എന്നിവർ ആശുപത്രി പടിക്കൽ നടത്തിയ സമരത്തിന് നേതൃത്വം നൽകി.