പുനലൂരില്‍ ചിത്രകലാ പഠന കേന്ദ്രമൊരുങ്ങുന്നു
1282957
Friday, March 31, 2023 11:20 PM IST
പുനലൂര്‍ : പുനലൂരിലെ പ്രമുഖ ചിത്രകാരൻ അന്തരിച്ച നടരാജന്റെ സ്മരണാര്‍ഥം ശിഷ്യന്മാര് പുനലൂരില്‍ ചിത്രകലാ പഠനകേന്ദ്രമൊരുക്കുന്നു. ചിത്രകലയുടെ നൂതന സാങ്കേതിക വിദ്യകളും സാധ്യതകളും പുതുതലമുറയെ പരിചയപ്പെടുത്തുകയാണ് ലക്ഷ്യം. പുനലൂര്‍ കോളേജ് ഓഫ് കൊമേഴ്സ് കാമ്പസിലാണ് കേന്ദ്രം സജ്ജമാക്കുന്നത്.
ഇതിന്റെ ഉദ്ഘാടനം അഞ്ചിന് രാവിലെ 10-ന് കോളേജ് ഓഫ് കൊമേഴ്സ് കാമ്പസില്‍ പി.എസ്.സുപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. പ്രശസ്ത ചിത്രകാരന് രാജശേഖരന് പരമേശ്വരന് മുഖ്യാതിഥിയാവും. പഠനകേന്ദ്രത്തിന്റെ പ്രോജക്ട് മേധാവി വീനസ് വിജയന് അധ്യക്ഷനാകും.
ഉദ്ഘാടനത്തോടനുബന്ധിച്ച് ഞായറാഴ്ച കോളേജ് ഓഫ് കൊമേഴ്സ് കാമ്പസില്‍ കുട്ടികള്‍ക്കായി ചിത്രരചനാ മത്സരം നടത്തും. നഴ്സറി മുതല്‍ ഹൈസ്കൂള്‍ വിഭാഗംവരെയുള്ള കുട്ടികള്‍ക്കായാണ് മത്സരം. വിശദവിവരങ്ങള്‍ക്ക് 9947365530, 9447503282 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം. 16 വര്‍ഷം മുന്‍പ് അന്തരിച്ച നടരാജന്, വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ നൂതന വിദ്യകള്‍ പരീക്ഷിച്ച് ചിത്രരചന നടത്തിയ കലാകാരനായിരുന്നെന്ന് പുതുതലമുറയെ ബോധ്യപ്പെടുത്തുകയാണ് സംരംഭത്തിന്റെ ഉദ്ദേശമെന്ന് ഉപദേശക സമിതി അംഗവും ഡോക്യുമെന്ററി സംവിധായകനുമായ സുരേഷ് ശിവദാസ് പത്രസമ്മേളനത്തില്‍ പറഞ്ഞു. എണ്ണച്ചായവും കത്തിയും ഉള്‍പ്പെടെ ഉപയോഗിച്ചുകൊണ്ടുള്ള ചിത്രരചനാ സങ്കേതങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഇദ്ദേഹം അവതരിപ്പിച്ചിരുന്നെന്നും സുരേഷ് അനുസ്മരിച്ചു.
പത്രസമ്മേളനത്തില്‍ വീനസ് വിജയന്, അഡ്മിനിസ്ട്രേറ്റര്‍ മുരുകന് ടാലന്റ്, കോ-ഓര്‍ഡിനേറ്റര്‍ പ്രമോദ് പുലിമലയില്‍ എന്നിവരും പങ്കെടുത്തു.