കലാസമൂഹത്തിന് സർക്കാർ നൽകുന്നത് പ്രത്യേക പരിഗണന: മന്ത്രി കെ. എൻ ബാലഗോപാൽ
1281363
Sunday, March 26, 2023 11:32 PM IST
കുളത്തൂപ്പുഴ: ഗോത്ര കലകളെയും ഗോത്ര കലാകാരെയും ലോകത്താകെയുള്ള കാഴ്ചക്കാരിലേക്ക് എത്തിക്കാൻ സാംസ്കാരിക വകുപ്പിന്റെ "തളിർമിഴി എർത്ത് ലോർ 2023' ലൂടെ കഴിഞ്ഞെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ആയിരത്തോളം ഗോത്ര കലാകാരർക്ക് പിന്തുണയും പ്രോത്സാഹനവും നൽകി സർക്കാർ പ്രത്യേക പരിഗണനയാണ് നൽകുന്നത്. സാംസ്കാരിക വകുപ്പിന് കീഴിൽ ഭാരത് ഭവൻ സംഘടിപ്പിച്ച "തളിർമിഴി എർത്ത് ലോർ 2023’ സമാപന സമ്മേളനം ഓൺലൈനായി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കുളത്തൂപ്പുഴ കല്ലുവെട്ടാൻകുഴി ഫോറസ്റ്റ് മൈതാനത്തിൽ നടന്ന പരിപാടിയിൽ മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി. അന്യംനിന്ന് പോകുമായിരുന്ന കലാരൂപങ്ങളെ മുഖ്യധാരയിൽ നിലനിർത്താൻ ഇത്തരം വേദികൾ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ അഞ്ചിടങ്ങളിലായാണ് കേരളീയ ഗോത്ര കലകളുടെ സമഗ്രോത്സവങ്ങൾ സംഘടിപ്പിച്ചത്. ഫെബ്രുവരി 26ന് അട്ടപ്പാടിയിൽ ആരംഭിച്ച് സുൽത്താൻ ബത്തേരി, കാഞ്ഞങ്ങാട്, മറയൂർ എന്നിവിടങ്ങളിലെ പര്യടനത്തിനുശേഷമാണ് കുളത്തൂപ്പുഴയിൽ സമാപിച്ചത്.
കോവിഡ് പ്രതിസന്ധി കാലത്ത് കലാസമൂഹത്തിന് കൈത്താങ്ങായി മന്ത്രി സജി ചെറിയാന്റെ നിർദ്ദേശപ്രകാരം ഒരുക്കിയ "മഴമിഴി മൾട്ടിമീഡിയ’ നവമാധ്യമ സാംസ്കാരിക ദൗത്യത്തിന്റെ രണ്ടാംഘട്ടമായാണ് "തളിർമിഴി എർത്ത് ലോർ 2023’ സംഘടിപ്പിച്ചത്. അഞ്ചു ജില്ലകളിൽ 10 ദിവസത്തോളം നീണ്ടു നിന്ന കലാപരിപാടികളിൽ ആയിരത്തോളം ഗോത്ര കലാകാരന്മാരെ പങ്കെടുപ്പിക്കാനും വൈവിധ്യമാർന്ന ഗോത്ര കലാരൂപങ്ങൾ അവതരിപ്പിക്കാനും തളിർമിഴിയിലൂടെ കഴിഞ്ഞു. കലാവതരണം നടത്തിയ ഓരോ കലാപ്രതിഭയ്ക്കും 3000 രൂപ വീതം സ്നേഹ പരിതോഷികവും നൽകി.
കുളത്തൂപുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി അനിൽ കുമാർ, ജില്ലാ പഞ്ചായത്ത് അംഗം കെ അനിൽ കുമാർ, ഭാരത് ഭവൻ മെമ്പർ സെക്രട്ടറി പ്രമോദ് പയ്യന്നൂർ, ടി ഡി ഓ വിധുമോൾ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എസ് ചന്ദ്രകുമാർ, ഷീജാ റാഫി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കെ ശോഭന, കെ അജിത, ഭാരത് ഭവൻ ഭരണ നിർവഹണ സമിതി അംഗം റോബിൻ സേവ്യയർ തുടങ്ങിയവർ പ്രസംഗിച്ചു.