ലഹരി മാഫിയ സംഘത്തിലെ അഞ്ചുപേര്‍ അറസ്റ്റില്‍
1264328
Thursday, February 2, 2023 11:28 PM IST
അഞ്ചല്‍ : എംഡിഎംഎ യും കഞ്ചാവും ഉള്‍പ്പടെ മയക്കുമരുന്ന് വില്പന സംഘത്തിലെ അഞ്ചംഗസംഘം കടയ്ക്കല്‍ പോലീസിന്റെ പിടിയില്‍. ഐരക്കുഴി സ്വദേശി കൊട്ടച്ചി എന്നറിയപ്പെടുന്ന നവാസ്(35), പാങ്ങലുകാട് സ്വദേശി ആദർശ് (26), കാഞ്ഞിരത്തുംമൂട് സ്വദേശി സജി കുമാർ (38), പുനലൂർ ഇളമ്പൽ സ്വദേശി ജെയ്മോൻ ജെയിംസ് (30), മുള്ളിക്കാട് സ്വദേശി മുഹമ്മദ് അസ്ലം (25) എന്നിവരാണ് കടയ്ക്കല്‍ പോലീസിന്റെ പിടിയിലായത്.
പ്രതികളില്‍ നിന്നും കഞ്ചാവും എംഡിഎംഎയും പോലീസ് കണ്ടെടുത്തു. പിടിയിലായ നവാസിന്റെ വീട്ടില്‍ നിന്നും മയക്കുമരുന്ന് വിലപന നടത്തിയ വകയില്‍ ലഭിച്ച ഒരുലക്ഷത്തി ആറായിരത്തോളം രൂപയും അഞ്ചു വാഹനങ്ങളും പോലീസ് പിടികൂടിയിട്ടുണ്ട്. പിടിയിലായവര്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ സമാനമായ കേസുകളില്‍ പ്രതികളാണെന്ന് കടയ്ക്കല്‍ സബ് ഇന്‍സ്പെക്ടര്‍ ജോതിഷ് ചിറവൂർ പറഞ്ഞു.
സ്കൂള്‍ കോളേജുകള്‍ കേന്ദ്രീകരിച്ചു മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായവര്‍. കൂടുതല്‍ പേര് സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ ഇടപാടുകാരെ കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.