പ്ലാക്കാട് ചന്തയിൽ പഴകിയ മത്സ്യം പിടിച്ചെടുത്ത് നശിപ്പിച്ചു
1246671
Wednesday, December 7, 2022 11:25 PM IST
ചാത്തന്നൂർ: ആദിച്ചനല്ലൂർ ഗ്രാമ പഞ്ചായത്തിലെ പ്ലാക്കാട് പൊതു ചന്തയിൽ ഗ്രാമ പഞ്ചായത്തും ആരോഗ്യ വിഭാഗവും ചേർന്ന് പരിശോധന നടത്തി. പഴകിയതും അഴുകിയതുമായ മത്സ്യങ്ങൾ വില്പനയ്ക്ക് വച്ചിരുന്നത് പിടിച്ചെടുത്ത് കുഴിച്ചുമൂടി. പഞ്ചായത്തിലെ വിവിധ പൊതു മാർക്കറ്റുകളിൽ പഴകിയതു അഴുകിയതുമായ മത്സ്യങ്ങളാണ് കച്ചവടം ചെയ്യുന്നതെന്ന പരാതികളെ തുടർന്നായിരുന്നു പരിശോധന.
ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ പ്ലാക്കാട് ടിങ്കുവിന്റെ നേതൃത്വത്തിലായിരുന്നു മിന്നൽ പരിശോധന നടത്തിയത്. ഹെൽത്ത് ഇൻസ്പെക്ടർ സന്തോഷ്കുമാർ, പഞ്ചായത്തംഗം കലാദേവി എന്നിവരടങ്ങിയ സംഘമാണ് മത്സ്യങ്ങൾ പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും പരിശോധനയുമായി മുന്നോട്ടുപോകുമെന്നും നല്ല മത്സ്യം വില്പന നടത്താൻ നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.