ഗവേഷണ പ്രബന്ധങ്ങൾ സാർഥകമാകുന്നത് സമൂഹത്തിന് പ്രയോജനപ്പെടുമ്പോൾ: എംപി
1246072
Monday, December 5, 2022 10:59 PM IST
കൊല്ലം: ഗവേഷണ പ്രബന്ധങ്ങൾ അർഥപൂർണമാകുന്നത് അവ സമൂഹത്തിന് പ്രയോജനപ്പെടുമ്പോൾ ആണെന്ന് എൻ.കെ. പ്രേമചന്ദ്രൻ എംപി.
പ്രബന്ധങ്ങൾ സമൂഹത്തിൽ അറിയപ്പെടുകയും, പ്രചരിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യുമ്പോൾ മാത്രമാണ് ഗവേഷണ വിദ്യാർത്ഥികൾക്കായി ഗവൺമെന്റ് ചെലവഴിക്കുന്ന തുക ഫലപ്രദമാവുന്നത്. ഫാത്തിമ മാതാ നാഷണൽ കോളേജിലെ മലയാളവിഭാഗം മേധാവി ഡോ. പെട്രീഷ്യ ജോണിന്റെ'രത്യാവിഷ്കരണത്തിന്റെ ബഹുസ്വരത മലയാള നോവലിൽ' എന്ന പുസ്തകം കൊല്ലം പ്രസ്ക്ലബ് ഹാളിൽ പ്രകാശനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലയാളിയുടെ സംസ്കാരത്തിന്റെ തന്നെ ഭാഗമെന്ന് പറയാവുന്ന ലൈംഗികകാര്യങ്ങളിലെ കാപട്യം, ആധുനികകാലത്തും ലജ്ജാകരവും പൈശാചികവുമായ ലൈംഗിക വൈകൃതങ്ങൾക്ക് കാരണമാകുന്നുവെന്നും, പോക്സോ കേസുകളുടെ എണ്ണം പെരുകുന്നത് ഇതിന് തെളിവാണെന്നും എംപി. ചൂണ്ടിക്കാട്ടി.
മലയാള നോവലുകളിലെ ലൈംഗികതയെ വസ്തുതാപരമായും തുറന്നമനസ്ോടെയും സമീപിച്ച് ഗവേഷണ പ്രബന്ധം തയാറാക്കുകയും, അത് പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തത് പ്രസക്തമാണെന്നും എംപി. അഭിപ്രായപ്പെട്ടു. പ്രമുഖ സാഹിത്യ നിരൂപകൻ ഡോ. കെ. പ്രസന്നരാജൻ പുസ്തകം ഏറ്റുവാങ്ങി. ആലപ്പുഴ എസ്ഡി കോളേജ് അസി.പ്രഫസർ ഡോ. സജിത്ത് ഏവൂരേത്ത് പുസ്തകം പരിചയപ്പെടുത്തി. ഡോ. ആർ. സുനിൽ കുമാർ പ്രസംഗിച്ചു.