അരങ്ങില്‍ ഇല്ലെങ്കിലും ഹരിചന്ദനയാണ് താരം
1244576
Wednesday, November 30, 2022 11:08 PM IST
അഞ്ചൽ: അരങ്ങിലെത്താതെ താരമായത് ഹരിചന്ദനയാണ്. ഇന്നലെ തുള്ളല്‍ വേദിയുടെ അണിയറയില്‍ ഒതുങ്ങിനിന്നെങ്കിലും ഏവരുടെയും ശ്രദ്ധയെത്തിയത് ഈ മിടുക്കിയിലാണ്.
റ്റി റ്റി സി വിദ്യാർഥിനിയായ ഹരിചന്ദനയുടെ മൂന്ന് ശിഷ്യരാണ് ഇന്നലെ റവന്യൂ ജില്ലാ കലോത്സവ വേദിയില്‍ മാറ്റുരച്ചത്.
എച്ച് എസ് വിഭാഗത്തില്‍ ഒന്നും ഹയര്‍സെക്കൻഡറി വിഭാഗത്തില്‍ രണ്ടും ശിഷ്യര്‍ വീതമാണ് ഇന്നലെ വേദിയിലെത്തിയത്. മുത്തച്ഛനും തുള്ളല്‍ കലാചാര്യനുമായ താമരക്കുടി കരുണാകരന് മാസ്റ്ററില്‍ നിന്നും പകര്‍ന്നുകിട്ടിയ അറിവുകളാണ് ഹരിചന്ദനയുടെ കരുത്ത്.
അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ തുള്ളല്‍ അഭ്യസിച്ചുതുടങ്ങിയ ഈ മിടുക്കി ആറാം ക്ലാസ് മുതല്‍ മറ്റുള്ളവരെ അഭ്യസിപ്പിക്കാനും തുടങ്ങി. നിലവില്‍ ഇരുപതിലധികം ശിഷ്യരുണ്ട്. സ്വന്തം ശിഷ്യരെ മത്സരിപ്പിച്ചതല്ലാതെ സ്കൂൾ പഠന കാലത്ത് കലോത്സവ വേദികളിൽ മത്സരിക്കാൻ ഹരിചന്ദന തയാറായിട്ടില്ല. ശിഷ്യരെ കലോത്സവ വേദിയിലെത്തിക്കുന്നതിന് ചമയമണിയിക്കുന്നതും ഹരിചന്ദന തന്നെ.
എൽ പി മുതൽ ഹയർ സെക്കൻഡറി വരെയുള്ള ക്ലാസുകളിലെ തുള്ളൽ കവിതകളുടെ ദൃശ്യാവിഷ്കാരം നടത്തി പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറാനുള്ള ഒരുക്കത്തിലാണ്.
പുനലൂർ ബോയ്സ് സ്കൂളിലെ അധ്യാപകനായ ഹരികുമാറിന്റേയും ശ്രീജയുടെയും മകളാണ്.