നിരുപമ വടിയെടുത്താല്‍ പൂവാലന്മാര് ഓടും; താരമായി കുട്ടിപോലീസ്
1244575
Wednesday, November 30, 2022 11:08 PM IST
അഞ്ചല്‍ : കലോത്സവ നഗരിയില്‍ യൂണിഫോമും ധരിച്ച് വെറുതേ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയല്ല നിരുപമയും മറ്റ് സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളും ചെയ്യുന്നത്. പെണ്‍കുട്ടികളെ ശല്യം ചെയ്യാനെത്തുന്ന പൂവാലന്മാരെ തുരത്തുകയാണ് പ്രധാന പണി. കലോത്സവ വേദിയിലെ പരിപാടികള്‍ കാണാതെ കറങ്ങി നടന്ന് ഇത്തരക്കാര്‍ മറ്റുളളവര്‍ക്കും ശല്യമാകാറുണ്ട്.
പറഞ്ഞാല്‍ കേള്‍ക്കാത്തവരോട് പലപ്പോഴും മുഖം കറുത്ത് സംസാരിക്കേണ്ടി വരും. എന്നിട്ടും കേട്ടില്ലെങ്കില്‍ ഡ്യൂട്ടിയിലുളള യഥാര്‍ഥ പോലീസിനെ വിളിച്ചുകൊണ്ട് വന്ന് ശല്യക്കാരെ ഓടിച്ചു വിടും. വേദികളില്‍ കുടിവെളളം, ചായ, മറ്റ് അത്യാവശ കാര്യങ്ങളുമൊക്കെയായി നിറഞ്ഞ് നില്‍ക്കുകയാണ് ഈ കുട്ടിപോലീസുകാര്‍. നിരുപമയെ കൂടാതെ ഗോപിക സതീഷ്, പഞ്ചമി, ഹരിഗോവിന്ദ്, നിവേദ്, മാളവിക, മെറീന, നിവേദ്യ, സായിനാഥ്, ശബരീനാഥ് എന്നിവരും കലോത്സവ നഗരയിലെ നിറ സാന്നിധ്യമാണ്.