പുനലൂരിൽ എട്ട് കിലോഗ്രാം കഞ്ചാവ് പോലീസ് കണ്ടെത്തി
1244069
Monday, November 28, 2022 11:21 PM IST
പുനലൂർ: എട്ട് കിലോഗ്രാം കഞ്ചാവ് പോലീസ് കണ്ടെത്തി. കലയനാട് കൂത്തനാടി റെയിൽവേ പുറമ്പോക്കിലെ കൃഷിസ്ഥലത്ത് നിന്ന് പ്ലാസ്റ്റിക്ക് ചാക്കിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
റെയിൽവേ പുറമ്പോക്ക് വക കൃഷിസ്ഥലത്ത് സംശയകരമായ നിലയിൽ ചാക്ക്കെട്ട് കണ്ട നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ട്രെയിൻ മാർഗം തമിഴ്നാട്ടിൽ നിന്നും കൊണ്ടുവന്ന കഞ്ചാവ് കൈമാറുന്നതിന് വേണ്ടി ട്രെയിനിൽ നിന്നും ഇവിടെ സുരക്ഷിതമായി നിക്ഷേപിച്ചതായിരിക്കാം എന്നാണ് പോലീസ് പറയുന്നത്.
സമാന രീതിയിൽ മുമ്പും ഇവിടെ നിന്ന് കഞ്ചാവ് കണ്ടെത്തിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിലെ പരിശോധനയിൽ നിന്നും രക്ഷപെടുന്നതിന് മേൽപ്പാലവും, വളവും ഒത്തുവരുന്ന ആൾ താമസം കുറവുള്ള വള്ളി പടർപ്പുളള സ്ഥലം കഞ്ചാവ് മാഫിയ തെരഞ്ഞെടുക്കുന്നത് പതിവാണ്. മുമ്പ് പിടിയിലായവരിൽ നിന്നും കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഈ സ്ഥലം പോലീസ് നിരീക്ഷണത്തിലായിരുന്നു.
ഉറവിടം കണ്ടെത്തുന്നതിനു വേണ്ടി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ലഹരി വസ്തുക്കളുടെ ഉപയോഗം കൂടി വരുന്ന സാഹചര്യത്തിൽ വ്യാപകമായ പരിശോധന നടത്തുന്നതിന് എസ്പി പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്. പുനലൂർ സർക്കിൾ ഇൻസ്പക്ടർ ടി.രാജേഷ് കുമാർ, സബ് ഇൻസ്പക്ടർ ഹരീഷ്, എസ്ഐമാരായ സുരേഷ് കുമാർ, ഉദയൻ, എ. എസ്ഐമാരായ അമീൻ, കിഷോർ എന്നിവരാണ് കഞ്ചാവ് കണ്ടെത്തിയത്.