പൂയപ്പള്ളിയില്‍ ഹൈ-ടെക്ക് മാലിന്യ ശേഖരണം
1226371
Friday, September 30, 2022 11:16 PM IST
കൊല്ലം: പൂയപ്പള്ളി ഗ്രാമപഞ്ചായത്തില്‍ മാലിന്യശേഖരണവും സംസ്കരണവും ഇനി ഹൈ-ടെക്കാകും. ഹരിത കേരളം-ശുചിത്വ മിഷനുകള്‍ സംയുക്തമായി കെല്‍ട്രോണിന്റെ സഹായത്തോടെ വികസിപ്പിച്ച ‘ഹരിതമിത്രം സ്മാര്‍ട്ട് ഗാര്‍ബേജ് മോണിറ്ററിംഗ്' മൊബൈല്‍ ആപ്ലിക്കേഷനിലൂടെയാണ് ആധുനീകരിച്ച മാലിന്യസംസ്കരണം. പഞ്ചായത്തില്‍ ക്യൂആര്‍ കോഡ് സ്ഥാപിക്കുന്നത്തിന്റെ ഉദ്ഘാടനം പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി റോയി പാലമുക്ക് അങ്കണവാടിയില്‍ നിര്‍വ്വഹിച്ചു.
പരിശീലനം ലഭിച്ച ഹരിതകര്‍മസേന പ്രവര്‍ത്തകര്‍ മൊബൈല്‍ ആപ്പിന്റെ സഹായത്തോടെ മാലിന്യം ശേഖരിക്കുന്നത് ശുചീകരണപുരോഗതി കൃത്യമായി വിലയിരുത്തുന്നതിന് സഹായകമാകും. ഗുണഭോക്താക്കള്‍ക്ക് സേവനങ്ങള്‍ ആവശ്യപ്പെടാനും പരാതികള്‍ സമര്‍പ്പിക്കാനും സംവിധാനം പ്രയോജനപ്പെടുത്താനാകും.