കുട്ടികള്‍ക്ക് കളിക്കളമൊരുക്കാന്‍ മത്സ്യവില്പനയുമായി ഒരു നാട്
1601912
Wednesday, October 22, 2025 7:29 AM IST
കാലിച്ചാമരം: കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കുണ്ടൂരില്‍ കുട്ടികള്‍ക്ക് കളിക്കളമൊരുക്കുന്നതിന് പണം സ്വരൂപിക്കാന്‍ കാലിച്ചാമരത്ത് ജനകീയ മത്സ്യവില്പന നടത്തി. സ്വകാര്യവ്യക്തിയില്‍ നിന്നും 30 സെന്റ് സ്ഥലം വിലയ്ക്കുവാങ്ങി 15 ലക്ഷം രൂപയ്ക്കാണ് കളിസ്ഥലമൊരുക്കുന്നത്.
ഇന്നലെ രാവിലെ എട്ടിന് ആരംഭിച്ച മത്സ്യവില്പനയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. മടക്കര ഹാര്‍ബറില്‍ നിന്നും അയല, മത്തി, ചൂര, ഓല മീനുകളാണ് വില്പനയ്ക്കെത്തിച്ചത്.
മീൻ വില്പനയുടെ ഉദ്ദേശമറിഞ്ഞപ്പോള്‍ മത്സ്യവ്യാപാരികള്‍ ആദായവില്പനയ്ക്ക് മീന്‍ നല്കി. വാഹനങ്ങളില്‍ കൊണ്ടു പോയും മത്സ്യവില്പന നടത്തി. സമൂഹത്തിന്റെ നാനാതുറകളില്‍ പ്രവര്‍ത്തിക്കുന്ന നാട്ടുകാര്‍ മീന്വില്പനയില് പങ്കാളികളായി. രാത്രിവരെയും മീന്‍ വില്പന തകൃതിയില്‍ നടന്നു. ഫണ്ട് കണ്ടെത്താന്‍ വിവിധങ്ങളായ മാര്‍ഗങ്ങളാണ് സംഘാടകസമിതി സ്വീകരിച്ചിട്ടുള്ളത്. വനിതകളുടെ നേതൃത്വത്തില്‍ ചക്ക ചിപ്സ് നിര്‍മാണം, യുവാക്കളുടെ നേതൃത്വത്തില്‍ ആക്രി സാധനങ്ങളുടെ ശേഖരണം, ക്ലബിന്റെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ച്, മുക്കട പാലത്തിനു സമീപം ഫുഡ് പോയിന്റ് എന്നിവ സംഘടിപ്പിച്ചു. പരിപാടി വരയില്‍ രാജന് ഉദ്ഘാടനം ചെയ്തു.
വി. അമ്പൂഞ്ഞി അധ്യക്ഷതവഹിച്ചു. എം. ചന്ദ്രന്, വി.ജി. അനീഷ്, എന്‍. വിനോദ്, യു. രതീഷ്, എന്‍. രാജന്, പി.പി. അനീഷ്, എന്‍.കെ. നാരായണന്, എന്‍.കെ. രജിത്, കെ. അനുരാജ്, കെ. വിനീത്, വി. സതീശന്, കെ. കൃഷ്ണന്, എന്‍. മാളവിക, എ.സി. ദിവ്യ എന്നിവര്‍ പ്രസംഗിച്ചു.