കഴുത്തില്‍ വാള് വച്ച് മൂന്നുപവന്‍ മാല കവര്‍ന്ന പ്രതിക്കെതിരേ കാപ്പ ചുമത്തി
1601907
Wednesday, October 22, 2025 7:29 AM IST
കാസര്‍ഗോഡ്: വാഹനം തടഞ്ഞുനിര്‍ത്തി കോഴി വ്യാപാരിയുടെ കഴുത്തില്‍ വാള് വച്ച് ഭീഷണിപ്പെടുത്തി മൂന്നുപവന്‍ സ്വര്‍ണമാല തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ യുവാവിനെതിരെ വീണ്ടും കാപ്പ കേസ് ചുമത്തി. ബന്തിയോട് അടുക്ക വീരനഗറിലെ അബ്ദുള്‍ ലത്തീഫിനെതിരെയാണ് കുമ്പള പോലീസ് കാപ്പ പ്രകാരം കേസെടുത്തത്.
നിരവധി കേസുകളില്‍ പ്രതിയായ ലത്തീഫിനെതിരെ 2025 ജനുവരി 31 ന് ഒരു വര്‍ഷത്തേയ്ക്ക് കാസര്‍ഗോഡ് ജില്ലയില്‍ പ്രവേശിക്കരുതെന്ന് വ്യക്തമാക്കി കുമ്പള പോലീസ് കാപ്പ പ്രകാരം കേസെടുത്തിരുന്നു. എന്നാല്‍ വ്യവസ്ഥ ലംഘിച്ച് ജില്ലയില്‍ എത്തിയ ലത്തീഫ് ശനിയാഴ്ച ഉച്ചയ്ക്കാണ് വോര്‍ക്കാടി മൊറത്തണയിലെ കോഴിവ്യാപാരി സ്വാനിത് എന്‍. ഷെട്ടിയെ (33) തടഞ്ഞുനിര്‍ത്തി മാല തട്ടിയെടുത്തത്. ഇതുസംബന്ധിച്ച കേസില്‍ ലത്തീഫിനെ ശനിയാഴ്ച രാത്രി തന്നെ മഞ്ചേശ്വരം പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കുമ്പള പോലീസ് വീണ്ടും കാപ്പ ചുമത്തിയത്.