ആരോഗ്യം ആനന്ദം 2.0 കാൻസർ പ്രതിരോധ ജനകീയ പ്രചാരണ പരിപാടിക്ക് തുടക്കമായി
1564224
Monday, June 2, 2025 2:15 AM IST
ചുള്ളിക്കര: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യം ആനന്ദം 2.0 കാൻസർ പ്രതിരോധ ജനകീയ പ്രചാരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ചുള്ളിക്കര മേരി ടാക്കീസ് ഓഡിറ്റോറിയത്തിൽ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി നിർവഹിച്ചു. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. നാരായണൻ അധ്യക്ഷത വഹിച്ചു.
ഇന്നലെ ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ചാണ് പ്രചാരണ പരിപാടിക്ക് തുടക്കമായത്. വദനാർബുദം, വൻകുടലിലെ അർബുദം എന്നിവയുടെ സ്ക്രീനിംഗും ചികിത്സയും പ്രതിരോധ ബോധവത്കരണവുമാണ് ഈ ഘട്ടത്തിൽ ലക്ഷ്യമിടുന്നത്.
ഇതിനോടനുബന്ധിച്ച് പുകയിലയ്ക്കെതിരായ ബോധവത്കരണം, പുകയിലരഹിത വിദ്യാലയങ്ങൾ, പുകയില നിയന്ത്രണ നിയമം 2003, ടൊബാക്കോ സെസേഷൻ ക്ലിനിക്കുകൾ എന്നിവയുമായി ബന്ധപ്പെട്ട പരിപാടികൾ നടപ്പിലാക്കും. ജില്ലാ മെഡിക്കൽ ഓഫീസറുടെ ചുമതല വഹിക്കുന്ന സർവൈലൻസ് ഓഫീസർ ഡോ.ബി. സന്തോഷ് ജില്ലയിൽ നടത്തുന്ന വിവിധ പരിപാടികൾ വിശദീകരിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ഷിനോജ് ചാക്കോ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ എം. പത്മകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സി. രേഖ, പി.വി. ശ്രീലത, കള്ളാർ പഞ്ചായത്ത് അംഗം ബി. അജിത് കുമാർ, ജില്ല എജുക്കേഷൻ & മീഡിയ ഓഫീസർ അബ്ദുൾ ലത്തീഫ് മഠത്തിൽ, ഡെപ്യൂട്ടി ജില്ലാ എജുക്കേഷൻ&മീഡിയ ഓഫീസർ പി.പി. ഹസീബ്, താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ.വി.കെ. ഷിൻസി, പെരിയ സിഎച്ച്സി സൂപ്പർവൈസർ എം. ചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.
ബോധവത്കരണ സെമിനാറിന് നോഡൽ ഓഫീസർ പി. രഞ്ജിത്തും ക്വിസ് മത്സരത്തിന് കാഞ്ഞങ്ങാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലെ ജെഎച്ച്ഐ സിജോ എം. ജോസും നേതൃത്വം നല്കി.